
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം നിയമം പിൻവലിക്കാനുള്ള പാർലമെന്ററി നടപടികൾവരെ കാത്തിരിക്കാനാണു സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുള്ളത്.
സംഘടിതജനശക്തിയ്ക്കു മുന്നിൽ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മുട്ടുമടക്കിയിരിക്കുകയാണ്. എഴുനൂറിലധികം രക്തസാക്ഷികളെ സൃഷ്ടിച്ച കർഷക ജനതയുടെ സഹനസമരം വിജയിച്ചു. ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് വീമ്പടിച്ചിരുന്ന നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. 363 ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ട ദൈർഘ്യമേറിയ സമരം വിജയിക്കുമ്പോൾ സമരങ്ങൾക്കൊന്നും മുന്നിൽ വഴങ്ങിക്കൊടുക്കില്ലെന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ധാർഷ്ട്യമാണ് പരാജയപ്പെടുന്നത്. മോദി ഭരണത്തിന്റെ അടിത്തറയിളക്കുന്ന സമരമായി ചരിത്രം ഈ കർഷകമുന്നേറ്റത്തെ അടയാളപ്പെടുത്തുക തന്നെ ചെയ്യും.

കർഷകരോടുള്ള താൽപര്യമൊന്നുമല്ല മോദിയെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത് എന്ന് വ്യക്തം. യുപിയിലെയും പഞ്ചാബിലെയും തിരഞ്ഞെടുപ്പിൽ ബിജെപി അമ്പേ പരാജയപ്പെടുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ തീരുമാനം. കർഷക സമരത്തെ രാഷ്ട്രീയമായി അതിജീവിക്കാൻ വർഗീയതയുടെ വാചാടോപങ്ങൾക്ക് കഴിയില്ലെന്ന് അവർക്ക് ബോധ്യമായി. കർഷകരോഷം തിരഞ്ഞെടുപ്പിലുണ്ടാക്കാവുന്ന അപകടം തിരിച്ചറിഞ്ഞതോടെയാണ്, ഈ സമ്പൂർണ പിന്മാറ്റം.
വശീകരിക്കാനും ഭയപ്പെടുത്താനുമൊക്കെ കേന്ദ്രസർക്കാരും ബിജെപിയും സംഘപരിവാറും ആവുംമട്ടിൽ ശ്രമിച്ചിരുന്നു. ലഖിംപൂരിൽ കർഷകരുടെ മേൽ വണ്ടി ഓടിച്ചുകയറ്റിയ സമീപകാല സംഭവത്തോടെ ബിജെപിയ്ക്കെതിരെയുള്ള ജനരോഷം രാജ്യവ്യാപകമായി. സകല അടവും പരീക്ഷിച്ചു തോറ്റപ്പോൾ നിയമം പിൻവലിച്ച് പിന്തിരിഞ്ഞോടേണ്ടി വന്നു.
സംഘടിത സമരശക്തിയ്ക്കു മുന്നിൽ ഏത് ഏകാധിപത്യ ഭരണാധികാരിയ്ക്കും കീഴടങ്ങിയേ മതിയാകൂ എന്ന് കർഷകർ തെളിയിച്ചു. ഒരു പ്രതിഷേധത്തിനും കീഴടങ്ങാതെ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് എല്ലാ എതിർപ്പുകളെയും അടിച്ചമർത്തി കൽപ്പാന്തകാലത്തോളം ഇന്ത്യ ഭരിക്കാമെന്ന് അഹങ്കരിച്ചിരുന്ന ധാർഷ്ട്യത്തിന്റെ പത്തിയ്ക്കാണ് കർഷകജനത പ്രഹരമേൽപ്പിച്ചത്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം നിയമം പിൻവലിക്കാനുള്ള പാർലമെന്ററി നടപടികൾവരെ കാത്തിരിക്കാനാണു സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുള്ളത്. അത്രയ്ക്കുണ്ട് കേന്ദ്രസർക്കാരിൽ കൃഷിക്കാരുടെ വിശ്വാസം. ഈ മൂന്നു നിയമങ്ങൾ പിൻവലിച്ചതുകൊണ്ടു മാത്രം ആയില്ല. ആദായവില കൃഷിക്കാരുടെ അവകാശമാക്കിക്കൊണ്ടുള്ള നിയമപരമായ ഉറപ്പും തങ്ങളുടെ സമര ഡിമാന്റുകളുടെ ഭാഗമാണെന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ വൈദ്യുതി നിയമ ഭേദഗതിയും പിൻവലിക്കണം. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട് ഭാവി നടപടികൾ സംയുക്ത കിസാൻ മോർച്ച പിന്നീടു വിശദമാക്കുമെന്നാണു പറഞ്ഞിട്ടുള്ളത്.
ഒന്നിച്ചു നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന സന്ദേശമാണു കർഷകർ നൽകുന്നത്. പുതിയ തൊഴിൽ നിയമങ്ങൾക്കും സ്വകാര്യവൽക്കരണ നയങ്ങൾക്കുമെതിരെ കർഷക സമരംപോലെ ട്രേഡ് യൂണിയനുകളുടെയും ബഹുജനങ്ങളുടെയും സമരനിരയുടെ വലിയ സാധ്യതകളിലേയ്ക്കാണു ഇതു വിരൽചൂണ്ടുന്നത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പു പോരാട്ടങ്ങളെക്കുറിച്ചുള്ള ബിജെപിയുടെ ആശങ്കകളും മോദിയുടെ മലക്കംമറിച്ചിലിൽ വ്യക്തമാണ്.
സമരഭടൻമാർക്ക് അഭിവാദ്യങ്ങൾ…

Dr.T.M Thomas Isaac