സ്വഭാവത്തില്‍ സൗമ്യനും നീതിനിഷ്ഠയില്‍ കണിശക്കാരനുമായ ആ ന്യായാധിപന് ആദരാഞ്ജലികള്‍.
തൃശൂരില്‍ റിപ്പോര്‍ട്ടറായിരുന്ന കാലം.
മിക്കദിവസങ്ങളിലും വൈകിട്ട് യമഹയില്‍ ഇറങ്ങും. മൂന്നു പൊലീസ് സ്റ്റേഷനുകളും പിന്നെ അയ്യന്തോളിലെ കലക്ടറേറ്റിലും എത്തും. നേരിട്ട്, ഓരോരുത്തരെയും കണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ സുഖം ഫോണിലൂടെയാവുമ്പോള്‍ കിട്ടില്ല.
അങ്ങനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഒരുദിവസമെത്തി. ബഞ്ച് ക്ലാര്‍ക്ക് ഉണ്ണികൃഷ്ണനാണ് വിവരങ്ങള്‍ നല്‍കാറ്. ഒരുദിവസം ഉണ്ണികൃഷ്ണന്‍ പറഞ്ഞു – ‘മജിസ്ട്രേറ്റ് കാണണമെന്നു പറഞ്ഞു’. പൊതുവേ ഇക്കൂട്ടരില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണ് നല്ലതെന്ന് മുന്‍പുള്ള ചില അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരുന്നു.
പക്ഷേ ഞാന്‍ കണ്ട ചെറിയാന്‍ കെ. കുര്യാക്കോസ് വ്യത്യസ്തനായിരുന്നു. അദ്ദേഹവുമായുള്ള 23 വര്‍ഷം നീണ്ട ബന്ധം ഇന്നലെ അവസാനിച്ചു. കാന്‍സറായിരുന്നു എന്ന് ആ ദുഃഖവാര്‍ത്ത അറിയിച്ച ജോണ്‍സണ്‍ മാമലശേരി പറഞ്ഞു.
എത്രയെത്ര വാര്‍ത്തകള്‍ – ടാര്‍ കുംഭകോണം തുടങ്ങി കുടുംബക്കോടതികളിലെയും ഉപഭോക്തൃഫോറങ്ങളിലെയും കുറിക്കുകൊള്ളുന്ന ഇടപെടലുകള്‍. ഞങ്ങള്‍രണ്ടുപേരും തൃശൂര്‍ വിട്ട് രണ്ടുവഴിക്കായിട്ടും ബന്ധം തുടര്‍ന്നു. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഞാനും പങ്കെടുത്തു.ഒരുകാര്യം കൂടി – തൊട്ടടുത്ത ഫ്ലാറ്റില്‍ ഒരു വക്കീല്‍ താമസിക്കാന്‍ വന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി പരിചയപ്പെട്ടിട്ടും ഈ വക്കീലിനെ കണ്ടത് അദ്ദേഹം അവിടെ നിന്ന് താമസം മാറിയശേഷം എന്റെ വീടിന്റെ മൂന്നുകിലോമീറ്റര്‍ അകലെയുള്ള ഒരു ഫ്ലാറ്റില്‍ വച്ച്.
പഴയ ബഞ്ച് ക്ലാര്‍ക്ക് ഉണ്ണികൃഷ്ണനായിരുന്നു അത്. തന്നെ വക്കീലാക്കിയത് ചെറിയാന്‍ സാറാണെന്ന് ഏറെ സ്നേഹത്തോടെ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞു.
സ്വഭാവത്തില്‍ സൗമ്യനും നീതിനിഷ്ഠയില്‍ കണിശക്കാരനുമായ ആ ന്യായാധിപന് ആദരാഞ്ജലികള്‍.
സക്കീര്‍ ഹുസൈനും ബിനോഷ് ബ്രൂസ് അലക്സിനും ശേഷം ഈ മാസം മൂന്നാമത്തെ നഷ്ടം.
Also see his Goodbye message
Romy Mathew
Senior Coord. Editor Manorama News,