തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം തൊഴിലാളി വർഗ്ഗത്തിന്റെ അതിജീവനത്തിനായുള്ള പേരാട്ടം: അഡ്വ തമ്പാൻ തോമസ്

Share News

തിരുവനന്തപുരം . തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം തൊഴിലാളി വർഗ്ഗത്തിന്റെ അതിജീവനത്തിനായുള്ള പേരാട്ടമാണെന്ന് അഡ്വ തമ്പാൻ തോമസ്. അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു എച്ച്എംഎസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക തൊഴിലാളി സംഘടനകളിലും അന്തരാഷ്ട്ര പ്രശ്നപരിഹാര വേദികളിലും തിരുവനന്തപൂരത്തെ തൊഴിലാളികളുടെ മൗലീകമായ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. ഗൗരവമേറിയ തൊഴിൽ പ്രശ്നമെന്ന നിലയിൽ ഈ പ്രശ്നം ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ ചർച്ച ചെയ്യണമെന്ന് സമ്മേളനം അഭ്യർത്ഥിച്ചു.വൈഎംസിഎ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേരള മത്സ്യത്തൊഴിലാളി ഫോറം പ്രസിഡന്‍റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ പോര്‍ട്ട് ആന്‍ഡ് ഡോക്ക് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് ഹനീഫ് മുഖ്യപ്രഭാഷണം നടത്തി. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകതയും അനിവാര്യതയും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെപറ്റിയും ഗൗരവമായ പഠനം നടത്താതിരുന്നതാണ് ഇന്നത്തെ പ്രതിസന്ധിയുടെ കാരണമെന്ന് മുഹമ്മദ് ഹനീഫ അഭിപ്രായപ്പെട്ടു.

എച്ച്എംഎസ് കേന്ദ്ര കമ്മിറ്റി അംഗം സി പി ജോണ്‍ ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ചു സംസാരിച്ചു. മത്സ്യത്തൊഴിലാളി സമരസമിതിയുടെ ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച് പെരേര, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയപ്രസിഡന്‍റ് ജോയി ഗോതുരുത്ത്, എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു, എച്ച്എംഎസ് മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ ടി ശ്രീധരന്‍, തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറം ഡയറക്ടര്‍ ഫാ. ഷാജിന്‍ ജോസ്, യുടിഎ ജനറൽ കൺവീനർ ബാബു തണ്ണിക്കോട്, തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറം പ്രസിഡന്റ് ജോൺ ബോസ്ക്കോ, കെഎൽഎം ജനറൽ സെക്രട്ടറി ജോസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.മത്സ്യ തൊഴിലാളി മേഖലയിലെ എച്ച്എംഎസ് സംഘടനകളായ കേരള മത്സ്യത്തൊഴിലാളി ഫോറവും തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറവുമാണ് സമ്മേളനത്തിന് നേതൃത്വം നല്കിയത്.

Share News