
മാനസീക ആരോഗ്യം – സ്വയം പരിപാലനയുടെ മഹത്വം|കുറവുകളെ ഉൾകൊള്ളാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് മാനസീക ആരോഗ്യ പരിപാലനത്തിന്റെ മുഖ്യധർമ്മം.
അനുദിന ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ , ചില ദിവസങ്ങളുടെ താളത്തിൽ ഒരു വ്യത്യാസം നാം ശ്രദ്ധിച്ച് തുടങ്ങും – നിശബ്ദമായി പടരുന്ന ഒരു ഇരുട്ടുപോലെ നമ്മുടെ ഓട്ടത്തിന് വേഗത കുറയാം . അവിടെയാണ് ലോക മാനസീക ആരോഗ്യ ദിനത്തിന്റെ പ്രസക്തി. മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നാം ചിന്തിചിട്ടുണ്ടോ? ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും അപ്പുറത്തു , ഒരു സ്വയം പരിപാലയുടെ മഹത്വവും നമ്മുടെ ഉള്ളിൽ നാം തന്നെ സൃഷ്ടിച്ചെടുക്കേണ്ട ചില സുരക്ഷാ വലയങ്ങളുടെ അനിവാര്യതയുമാണ് ഈ ലോക മാനസീക ആരോഗ്യ ദിനം ഓർമ്മിപ്പിക്കുന്നത്. ഒന്ന് കണ്ണടച്ചാൽ ഹൃദയത്തിനുള്ളിലെ ഒരു പൂന്തോട്ടത്തിലാണ് നാം എത്തിപ്പെടുന്നതെങ്കിലോ , എത്ര ശാന്തമായി നമുക്കവിടെ വിശ്രമിക്കാൻ പറ്റും. ഏതു ദുർഘട ഘട്ടത്തിലും സ്വയം സഹായിക്കാൻ പറ്റുന്ന മനഃസാന്നിധ്യം ഉള്ള ഒരാളാണ് ഞാനെങ്കിൽ ഓരോ ദിവസവും വളരെ ഉന്മേഷമുള്ളതായിരിക്കില്ലേ ! വരാൻ സാധ്യതയുള്ള ഒരാപത്തിന് അവസരം നൽകാതെ നീട്ടിക്കൊണ്ടുപോയി ഒരിക്കലും പ്രത്യക്ഷപ്പെടാൻ അനുവദിക്കിക്കാതിരിക്കുന്ന ഒരു കരുതലാണ് ഈ സ്വയം പരിപാലന.
നിശ്ശബ്ദമായ വെല്ലുവിളികൾ

ഉള്ളിൽ അലയടിക്കുന്ന പ്രശ്നങ്ങളെ ആരുമറിയാതെ ഒരു പുഞ്ചിരികൊണ്ട് മറയ്ക്കുന്ന ശീലമാണ് നല്ലതെന്നാണ് പൊതുവേ നാം കരുതുന്നത്. പുറത്തേയ്ക്ക് പ്രകടിപ്പിക്കാതെ മനസിലടക്കുന്ന ഇത്തരം പ്രശ്നങ്ങൾ നമ്മുടെ തന്നെ ഒരു ശത്രുവിനെ വീട്ടിനുള്ളിൽ താമസിപ്പിക്കുന്നതുപോലെയാണ് . നമ്മുടെ സന്തോഷങ്ങൾ മോഷ്ടിച്ചെടുക്കുന്ന വിഷാദമായും, ഉൽക്കണ്ഠയായും സമ്മർദ്ദ്മായും മറ്റു മാനസീക രോഗങ്ങളുമായൊക്കെ ഇവ മാറാൻ കാരണമായേക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് മാത്രമേ ഉള്ളുവെന്നു ഓരോരുത്തരും കരുതുന്നു. എന്നാൽ നമുക്ക് ചുറ്റുമുള്ള ഒട്ടുമിക്കവരും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട് .ഇത്തരം അവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങളും ശാസ്ത്രീയമായ പല പരിഹാരങ്ങളും ഇന്ന് ലഭ്യമാണ് .
പുതിയ തുടക്കം

എല്ലാ ദിവസവും വ്യക്തിപരമായ മാനസീകോല്ലാസത്തെക്കുറിച്ചു നാം ചിന്തിക്കണം എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ ലോകമാനസീകാരോഗ്യദിനങ്ങളും . ഈ സന്ദേശമുൾക്കൊള്ളുന്നതിന്റെ തുടക്കമായി, വിശ്വസിക്കാൻ പറ്റുന്ന ആളുകളോട് നമ്മുടെ പ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങാം. കേൾക്കാനും മനസിലാക്കാനും ഒരാളുണ്ട് എന്നത് വലിയ ആശ്വാസമാണ് . പല ആളുകൾ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന രീതികൾ അറിയുമ്പോൾ നമ്മുടേതായ ചില പ്രായോഗിക വഴികൾ സ്വയം കണ്ടുപിടിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ പ്രശ്നങ്ങളുള്ളപ്പോഴും നമുക്ക് മുന്നോട്ടുപോകുന്നതിൽ കുഴപ്പമില്ലെന്നും , ഓരോ ദിവസത്തിനും ഓരോ നിറങ്ങളും ഭാവങ്ങളുമാണെന്നു നമുക്ക് മനസിലാക്കാൻ കഴിയും.
സ്വയം പരിപാലന

സ്വന്തം മനസികോല്ലാസത്തെക്കുറിച്ചു ചിന്തിക്കുന്നത് ഒരു സ്വാർത്ഥത അല്ലകേട്ടോ , ഇതൊരു സ്വയം പ്രതിരോധമാർഗമാണ്. ഒരു പൂന്തോട്ടമുണ്ടാക്കുമ്പോൾ അതിനുവേണ്ട സൂര്യപ്രകാശവും , വെള്ളവും വളവുമൊക്കെ കൊടുത്താലല്ലേ അത് ഭംഗിയായി ഇരിക്കൂ , അതുപോലെ മനസിന്റെ ആരോഗ്യത്തിനും പരിപാലന ആവശ്യമാണ് . സ്വയം സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കുക എന്നതാണ് ഇന്ന് നമ്മൾ എടുക്കേണ്ട സുപ്രധാനമായ തീരുമാനം. കടുത്ത മാനസീക സമ്മർദ്ദ്മാകുമ്പോൾ ഒരവധിയെടുക്കാൻ ധൈര്യം കാണിക്കുക , അവശ്യമെങ്കിൽ മാനസീക രോഗ പരിപാലകരെ കാണുക , ശാന്തമായിരിക്കാനും ധ്യാനിക്കാനും പരിശീലിക്കുക, പ്രഭാത സവാരിയോ ഉലാത്താലോ ശീലമാക്കുക. നിങ്ങളുടെ മനസാകുന്ന പൂന്തോട്ടത്തിനെ മനോഹരമായി സംരക്ഷിക്കാൻ സന്തോഷം തരുന്ന ആരോഗ്യകരമായ എന്തങ്കിലും ചെയ്യുക .
ബന്ധങ്ങളുടെ ബലം

സമൂഹമാധ്യമങ്ങളിലൂടെ സാങ്കേതികമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നുണ്ടവെങ്കിലും പലർക്കും ആരുമായും വൈകാരികമായി ഒരടുപ്പവും ഉണ്ടാകണമെന്നില്ല , മനുഷ്യബന്ധങ്ങളിലെ ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയാണ് ഈ കാലഘട്ടം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നല്ല ബന്ധങ്ങളുടെ അഭാവം മൂലമുണ്ടായ ചില സംഭവങ്ങൾ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്- തക്ക സമയത്തു ചികിത്സ ലഭിക്കാത്തതുമൂലം സ്വന്തം വീട്ടിൽ മരണപ്പെടുന്നവർ , ആത്മഹത്യകൾ, അബദ്ധങ്ങൾ അങ്ങനെ പോകുന്നു കഥകൾ . സഹോദരങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇഴയടുപ്പത്തോടെ പെരുമാറാൻ തുടങ്ങിയാൽ നമുക്കും അവർക്കും ഒരു തുണയാകും . നമുക്ക് പറയാനും കേൾക്കാനും പറ്റുന്ന സുരക്ഷിതമായ ബന്ധങ്ങൾ ഇവരിൽ നിന്ന് തന്നെയാവും കിട്ടുക . സംസാരിക്കാൻ ഒരാളുണ്ട് എന്നത് ചിലപ്പോൾ നമ്മുടെ ജീവനോളം വിലയുള്ള , നമ്മുടെ ലോകത്തെ തന്നെ മാറ്റാൻ പറ്റുന്ന വലിയ ശക്തിയാണ് .
അപൂർണ്ണതയുടെ സാധ്യതകൾ

കുറവുകളെ ഉൾകൊള്ളാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് മാനസീക ആരോഗ്യ പരിപാലനത്തിന്റെ മുഖ്യധർമ്മം. എണ്ണിയാൽ തീരാത്ത കഴിവുകളും സാധ്യതകളും പരിഗണിക്കുമ്പോൾ ചില ദിവസങ്ങളിലെ കുറവുകളോ, തോൽവികളോ , നഷ്ടങ്ങളോ നമ്മുടെ ജീവിതത്തിന് വലിയ കോട്ടം വരുത്തുന്നില്ല എന്നതാണ് യാഥാർഥ്യം. താൽക്കാലികമായ ഇത്തരം നിർഭാഗ്യനിമിഷങ്ങളെ തരണം ചെയ്യാനുള്ള മറുവിദ്യകളാണ് സ്വയം പരിപാലന വഴി നാം സ്വരൂപിക്കുന്നത്. പൂന്തോട്ടങ്ങളിൽ ചില കളകൾ വളരുന്നതു സ്വാഭാവികമല്ലേ അതുപോലെ ഇത്തരം ദൗർഭാഗ്യങ്ങളെ കൈകാര്യം ചയ്യാൻ നമുക്ക് മനഃസാന്നിധ്യമുണ്ടായാൽ മതി. പുതിയ മാറ്റത്തിലേക്കുള്ള അവസരങ്ങളായി നമ്മുടെ കുറവുകളെ കണ്ടാൽ, അനന്തമായ സാധ്യതകളുടെ ഒരു ജാലകത്തിലേയ്ക്കായിരുക്കും നമ്മൾ പറന്നുയരുന്നത്.
നമ്മൾ സ്വപ്നം കണ്ട തുടർവിദ്യാഭ്യാസ സാഹചര്യങ്ങൾ , ആത്മീയ അറിവിനുള്ള മാർഗ്ഗങ്ങൾ ,വിനോദോപാദികൾ, കലാകായിക പരിശീലനങ്ങൾ , ആധുനീക സാങ്കേതിക വിദ്യകൾ ഇവയൊക്കെ പുതിയ വാതായനങ്ങളാണ് നമുക്ക് മുന്നിൽ തുറക്കുന്നത് . ഇവയേക്കുറിച്ചു നാം എപ്പോൾ ചിന്തിച്ചു തുടങ്ങുന്നോ അതാണ് നമ്മുടെ സമയം; അവിടെ തുടങ്ങുക.
ആത്മവിശ്വാസത്തിന്റെ അലകൾ

നമ്മുടെ മാനസീക ആരോഗ്യത്തിന്റെ ചുമതല സ്വയം ഏറ്റെടുത്തുകഴിഞ്ഞാൽപിന്നെ, നമ്മെ കാണുന്നവർക്കൊക്കെ ആ പുതിയ വെളിച്ചം മുഖത്തുന്നുനിന്നു തന്നെ വായിച്ചെടുക്കാനാകും.
നാം അറിയാതെതന്നെ അതിന്റെ അലകൾ നമുക്ക് ചുറ്റും പടരും .കൂടുതൽ ഉന്മേഷത്തോടെ നമുക്ക് കൂടെയുള്ളവരെ സന്തോഷിപ്പിക്കാനും പ്രചോദിപ്പിക്കാനും നമുക്ക് സാധിക്കും. മനസാകുന്ന പൂന്തോട്ടത്തെ സ്വയം പരിപാലിച്ചു തുടങ്ങുമ്പോൾ ആ പൂന്തോട്ടത്തിന്റെ ഭംഗി മറ്റുള്ളവരും ആസ്വദിച്ചു തുടങ്ങും. ചുറ്റുമുള്ള ലോകം നന്മകളാൽ സമൃദ്ധമായിരിക്കുന്നതു കണ്ട് നമ്മുടെ സന്തോഷം പൂർണ്ണമാകും . സ്വയം സംരക്ഷിക്കാനും മറ്റുള്ളവർക്ക് നങ്കൂരമിടാൻ പറ്റുന്ന ശക്തമായ ഒരു വ്യക്തിയായി നമ്മൾ മാറും.
മാനസീക ആരോഗ്യം

മനസിന്റെ ആരോഗ്യം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നവർ ഒരു രാജാവിനെപ്പോലെ അവനവന്റെ മനസിനെ അടക്കിവാഴും. കൃത്യമായ പരിപാലനയുടെ തണലിൽ മനോഹരമായ ഒരു സാമ്രാജ്യമായി നമ്മുടെ മനസാകുന്ന പൂന്തോട്ടം മാറും.നമ്മുടെ കഴിവുകളും സാധ്യതകളും വ്യത്യസ്തമായ പൂക്കൾപോലെ വളർന്നു പ്രശോഭിക്കും. നമ്മുടെ ഓരോ ഉത്തരവാദിത്തങ്ങളും സ്വപ്നങ്ങളും സാഷാത്കരിക്കാൻ സ്വയംപര്യാപ്തമാകുന്നതിന്റെ സുഖം നമ്മൾ ആസ്വദിച്ചുതുടങ്ങും.

ഈ സ്വാതന്ത്രത്തിലേക്കാണ് മാനസീക ആരോഗ്യദിനം കൈചൂണ്ടുന്നത്. നമ്മുടെ മനസ് നമ്മുടെ കൈകളിലാണ് . മനസാകുന്ന പൂന്തോട്ടത്തിലെ കളകൾ പറിച്ചുകളഞ്ഞു സ്നേഹത്തോടെ അതിനെ എന്നും പരിപാലിക്കണം , ആ പൂന്തോട്ടം ഭംഗിയായിരിക്കുക മാത്രമല്ല ചുറ്റുവട്ടത്തൊക്കെ മുഴുവൻ ഭംഗിയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

Dr. Gincy Mathew
Raining Trees Counselling and Psychotherapy
+9 1 9 4 9 5 3 3 6 8 8 7
Home