എന്താണ് യുകെ മാതൃകയിലുള്ള’ഡെറ്റ് കൺസോളിഡേഷൻ’?

Share News

കേരള സംസ്ഥാനത്തിൻ്റെ ധനസ്ഥിതി വെളിവാക്കുന്ന ധവളപത്രവും തുടർന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റും കണ്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, ഏതാണ്ട് അഞ്ചു ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. എന്നിട്ടും അന്താരാഷ്ട്ര ഏജൻസികളും പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാനത്തിന് വീണ്ടും കടം നൽകാൻ തയ്യാറാകുന്നു. എന്നാൽ, ഒരു സാധാരണ കുടുംബത്തിന് ഇപ്രകാരം വരുമാനത്തിനപ്പുറമുള്ള കടമുണ്ടായാൽ എന്താണ് സ്ഥിതി? കടം തന്നവർ വീട്ടുപടിക്കൽ വന്ന് ഭീഷണിപ്പെടുത്തുമ്പോൾ, ജപ്തി നോട്ടീസുകൾ കുടുംബത്തിന്റെ ഉറക്കം കെടുത്തുമ്പോൾ ആരും അവർക്ക് സഹായഹസ്തവുമായി എത്തുന്നില്ല. ഈ കടക്കെണിയിൽ അകപ്പെട്ട് മാനസിക പീഡനം സഹിക്കാനാവാതെ എത്രയോ കുടുംബങ്ങളാണ് നമ്മുടെ കേരളത്തിൽ കൂട്ട ആത്മഹത്യ ചെയ്തത്? ഇതിനൊരു ശാശ്വത പരിഹാരം ബജറ്റിലും സർക്കാരിൻ്റെ ജനക്ഷേമപദ്ധതികളിലും ഉൾപ്പെടുത്തേണ്ടിയിരുന്നു.

ബാങ്കുകളുടെയും ബ്ലേഡ് പലിശക്കാരുടെയും ഭീഷണികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ സാധാരണക്കാർ ജീവനൊടുക്കുന്ന അവസ്ഥയ്ക്കു പരിഹാരമായി ‘ഡെറ്റ് കൺസോളിഡേഷൻ ലോൺ’ (Debt Consolidation Loan) അല്ലെങ്കിൽ ‘റീഫിനാൻസിങ്’ റീമോർട്ടുഗേജിങ്ങ് (refinancing, remortgage) രീതികൾ നല്ലതാണെന്നു തോന്നുന്നു.

എന്താണ് യുകെ മാതൃകയിലുള്ള

‘ഡെറ്റ് കൺസോളിഡേഷൻ’?

​പലയിടങ്ങളിൽ നിന്നായി എടുത്ത ചെറിയ കടങ്ങളും ഉയർന്ന പലിശയുള്ള ബാധ്യതകളും ഉള്ള ഒരാൾക്ക്, അവയെല്ലാം വീട്ടാനായി ബാങ്ക് ഒരു വലിയ ദീർഘകാല വായ്പ അനുവദിക്കുന്ന രീതിയാണിത്. ക്രെഡിറ്റ് കാർഡുകൾ, ബ്ലേഡുകാരിൽ നിന്നുള്ള വായ്പകൾ, ഓവർഡ്രാഫ്റ്റുകൾ എന്നിങ്ങനെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഉയർന്ന പലിശയുള്ള കടങ്ങൾ ഈ ഒറ്റ വായ്പയിലേക്കു മാറ്റുന്നു.

സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉയർന്ന പലിശയ്ക്ക് വാങ്ങിയ കടങ്ങൾ പലിശനിരക്ക് കുറവുള്ള ഡെറ്റ് കൺസോളിഡേഷൻ വായ്പയിലേക്ക് മാറ്റുന്നു. 1 മുതൽ 10 വർഷം വരെയോ 20 വർഷം വരെയോ നീളുന്ന ദീർഘമായ തിരിച്ചടവ് കാലാവധി ലഭിക്കുന്നതിനാൽ പ്രതിമാസ തിരിച്ചടവ് തുക (EMI) ഗണ്യമായി കുറയുന്നു. കൂടാതെ റീമോർട്ടുഗേജിംങ്ങ് സാധ്യതകൾ സംസ്ഥാനത്ത് നടപ്പാക്കുന്നത് വ്യക്തികൾക്കു ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ കുറഞ്ഞ പലിശയ്ക്ക് പണം കണ്ടെത്താനും സഹായിക്കും. ആത്യന്തികമായി സർക്കാരിൻ്റെ ധനസ്ഥിതിയും ഇതിലൂടെ വർദ്ധിക്കും.

കേരളത്തിലെ സഹകരണ ബാങ്കിങ് ശൃംഖല ലോകത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രിയും മുൻകൈയെടുത്ത് സംസ്ഥാനത്തെ കേരള ബാങ്ക്, മറ്റു സഹകരണ ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവയെ ഏകോപിപ്പിച്ച് ഒരു പ്രത്യേക ‘ഡെറ്റ് റിലീഫ് ലോൺ’ പദ്ധതിക്ക് രൂപം നൽകണം.

സംസ്ഥാനത്തിന്റെ കടം വീട്ടാൻ വലിയ സാമ്പത്തിക ശാസ്ത്രജ്ഞരും സംവിധാനങ്ങളും ഉണ്ടായേക്കാം, എന്നാൽ ഒരു സാധാരണക്കാരന്റെ കടം വീട്ടാൻ അവന് മുൻപിൽ വഴികളൊന്നുമില്ല. കടം വാങ്ങുന്നത് ഒരു കുറ്റമല്ല, എന്നാൽ കടം വീട്ടാനുള്ള കൃത്യമായ സാമ്പത്തിക പദ്ധതികൾ ഇല്ലാതെ ജനങ്ങൾ ജീവനൊടുക്കേണ്ടി വരുന്നത് ഒരു ജനകീയ സർക്കാരിന് ഭൂഷണമല്ല. ജപ്തി നടപടികളും പലിശക്കാരുടെ ഭീഷണികളും വഴി ഇനിയൊരു ജീവനും കേരളത്തിൽ പൊലിയരുത്. യുകെയിലെ സാമ്പത്തിക സുരക്ഷാ മാതൃകകൾ കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച് നടപ്പിലാക്കാൻ സർക്കാർ മുൻകൈയെടുക്കണം.

മാത്യൂ ചെമ്പുകണ്ടത്തിൽ

Share News