‘Chief Mouser’ എന്ന പദവി ഔദ്യോഗികമായി ലഭിച്ച ആദ്യത്തെ പൂച്ചയാണ് ലാറി.

Share News

ബ്രിട്ടീഷ് ചരിത്രത്താളുകളിൽ എവിടെ നോക്കിയാലും കൗതുകമുണർത്തുന്ന പല വാർത്തകളും നമുക്കു കാണാം. രാജവംശത്തിന്റെ പാരമ്പര്യ ആചാരങ്ങളിലും, ജനാധിപത്യ പ്രക്രിയകളിലും, നിയമ- ജുഡീഷ്യറി സംവിധാനങ്ങളിലുമെല്ലാം ഒരു പ്രത്യേക ‘ബ്രിട്ടീഷ് ടച്ച്’ പ്രകടമാകും. ഇപ്രകാരമൊരു കൗതുകകരമായ ചരിത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലെ “ചീഫ് മൗസർ” (Chief Mouser to the Cabinet Office) എന്ന ഔദ്യോഗിക എലിപിടുത്തക്കാരൻ പൂച്ചയുടെ കഥയ്ക്കു പിന്നിലുമുള്ളത്.

പതിനൊനോളം Chief Mouser-മാർ ഇതിനോടകം ബ്രിട്ടീഷ് രാഷ്ട്രീയ സങ്കീർണതകളുടെ ഇടനാഴികളിൽ സഞ്ചരിച്ചു കാലഗതി പ്രാപ്പിച്ചു. 12-ാമൻ ലാറി (Larry) യാണ് ഇപ്പോഴത്തെ ചീഫ് മൗസറായി ഡൗണിംഗ് സ്ട്രീറ്റിൽ വാണരുളുന്നത്. കീർ സ്റ്റാമർ രാജിവച്ച വാർത്തയ്ക്കൊപ്പം ലാറിയും ഇപ്പോൾ ലോക വാർത്തകളിൽ നിറയുകയാണ്.

സർക്കാർ ഉദ്യോഗസ്ഥനു തുല്യമായ പദവിയോടെയാണ് ഒരു മാർജ്ജാരൻ ‘Chief Mouser’ പദവിയിൽ നിയമിതനാകുന്നത്. പ്രധാനമന്ത്രിയുടെ കൊട്ടാരത്തെ എലി നിരോധന മേഖലയാക്കി നിലനിർത്തേണ്ട ഭാരിച്ച ഉത്തരവാദിത്വുള്ള ഉദ്യോഗസ്ഥനാണ് ചീഫ് മൗസർ.

ബ്രിട്ടീഷ് ചരിത്രത്തോടൊപ്പം, നൂറ്റാണ്ടുകൾക്കു മുന്നേ ചീഫ് മൗസർ പരമ്പരകളും ആരംഭിച്ചു. ഇംഗ്ലീഷ് ഗവൺമെന്റിൽ ഒരു പൂച്ചയുടെ സാന്നിധ്യമുണ്ടായിരുന്നു എതിൻ്റെ തെളിവുകൾ ഹെൻറി എട്ടാമൻ രാജാവിന്റെ (1491-1547) ഭരണകാലത്തോളം പഴക്കമുള്ളതാണ്. അക്കാലത്ത് ലോർഡ് ചാൻസലർ പദവിയിലിരുന്ന കാർഡിനൽ തോമസ് വോൾസിയോടൊപ്പം ഔദ്യോഗിക ഭരണ നിർവ്വഹണ വേളകളിൽ പോലും ഒരു പൂച്ചയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

2005 ൽ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട ഔദ്യോഗിക രേഖകളിൽ ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായ ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയിൽ മാർജ്ജാര സാന്നിധ്യം 1929 ജൂൺ 3- മുതൽ നിർബന്ധമാക്കിയതായി കാണാം. എലിപിടുത്തത്തിൽ സമർത്ഥനായ ഒരു പൂച്ചയുടെ സംരക്ഷണത്തിനായി പ്രതിദിനം ഒരു പെനി ചിലവഴിക്കാൻ ഓഫീസ് കീപ്പർക്ക് സർക്കാർ അനുമതിയും നൽകി.

1932 ഏപ്രിലിൽ ഈ അലവൻസ് ആഴ്ചയിൽ 1 ഷില്ലിംഗ് 6 പെൻസായി വർദ്ധിപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടായപ്പോഴേക്കും ഈ ചീഫ് മൗസറുടെ സംരക്ഷണത്തിനായി പ്രതിവർഷം 100 പൗണ്ട് വരെ ചിലവ് വരുന്നുണ്ട്. കൂടാതെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥർ സ്വമേധയാ നൽകുന്ന സംഭാവനകളും ഉപയോഗിക്കുന്നു.

ഡൗണിംഗ് സ്ട്രീറ്റിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചത് “പീറ്റർ മൂന്നാമൻ” (Peter III) എന്ന മാർജ്ജാരനാണ്. 16 വർഷത്തിലേറെ നീണ്ട സേവന കാലഘട്ടത്തിൽ ക്ലെമന്റ് ആറ്റ്‌ലി, വിൻസ്റ്റൺ ചർച്ചിൽ, ആന്റണി ഈഡൻ, ഹരോൾഡ് മാക്മില്ലൻ, അലക് ഡഗ്ലസ്-ഹോം എന്നീ അഞ്ചു വ്യത്യസ്ത പ്രധാനമന്ത്രിമാരെയാണ് പീറ്റർ മുന്നാമൻ മൂഷികവംശത്തിൻ്റെ ആക്രമണങ്ങളിൽ നിന്നും രക്ഷിച്ചത്. ഇപ്പോഴത്തെ ചീഫായ ലാറി എല്ലാ റെക്കോർഡുകളും തിരുത്തി മുന്നേറുകയാണ്. കഴിഞ്ഞ 15 വർഷമായി “ലാറിയുടെ വീട്ടിൽ” കഴിഞ്ഞുകൂടിയത് ആറുപ്രധാനമന്ത്രിമാരാണ്. ഡേവിഡ് കാമറൂൺ, തെരേസാ മേയ്, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എല്ലാവരും പടിയിറങ്ങി; ഇപ്പോൾ ഇതാ സ്റ്റാർമറും !

1997-ൽ ഹംഫ്രി (Humphrey) എന്ന പൂച്ച വിരമിച്ചതിന് ശേഷം പത്ത് വർഷത്തോളം ഈ പദവിയിൽ ആരുമുണ്ടായിരുന്നില്ല. പിന്നീട് 2007 സെപ്റ്റംബർ 11-നാണ് സിബിൽ (Sybil) ഈ പദവിയിലെത്തുന്നത്. അന്നത്തെ ചാൻസലർ ഓഫ് ദി എക്സ്ചെക്കർ ആയിരുന്ന അലിസ്റ്റർ ഡാർലിംഗിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു സിബിൽ. എന്നാൽ സിബിൽ ലണ്ടനിൽ അധികകാലം തുടർന്നില്ല, സ്കോട്ട്‌ലൻഡിലേക്ക് തന്നെ മടങ്ങിപ്പോവുകയും 2009 ജൂലൈ 27-ന് മരണപ്പെടുകയും ചെയ്തു. 2009 ജനുവരിയിൽ സിബിൽ പടിയിറങ്ങിയതോടെ പദവി ഒഴിഞ്ഞു കിടന്നു.

2011 ജനുവരിയിൽ ഡൗണിംഗ് സ്ട്രീറ്റിൽ എലികൾ ഓടിനടക്കന്നത് ഒരു ടെലിവിഷൻ വാർത്താ റിപ്പോർട്ടിനിടെ രണ്ടുതവണ ദൃശ്യമായത് വലിയ വാർത്തയായിരുന്നു. ആ സമയത്ത് അവിടെ ചീഫ് മൗസർ പദവിയിൽ പൂച്ചകളൊന്നും ഉണ്ടായിരുന്നില്ല. എലി നിർമാർജ്ജനത്തിനായി പൂച്ചയെ കൊണ്ടുവരാൻ തൽക്കാലം പദ്ധതിയില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ആദ്യം പറഞ്ഞെങ്കിലും, ഡൗണിംഗ് സ്ട്രീറ്റിൽ പൂച്ചകളെ വളർത്തുന്നതിനു അനുകൂലമായ വ്യവസ്ഥയുണ്ടെന്നു പിറ്റേന്നുള്ള പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

തുടർന്ന് 2011 ഫെബ്രുവരി 14-ന് എലി പ്രശ്നം പരിഹരിക്കാനായി “ലാറി” (Larry) എന്ന പൂച്ചയെ എത്തിച്ചു. അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും കുടുംബവും ചേർന്ന് ‘ബാറ്റർസീ ഡോഗ്സ് ആൻഡ് കാറ്റ്സ് ഹോമിൽ’ (Battersea Dogs & Cats Home) നിന്നാണ് ലാറിയെ തിരഞ്ഞെടുത്തത്. ‘Chief Mouser’ എന്ന പദവി ഔദ്യോഗികമായി ലഭിച്ച ആദ്യത്തെ പൂച്ചയാണ് ലാറി. നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പേര് വിവരങ്ങളുള്ള ഏക ചീഫ് മൗസറാണ് ലാറി. 10 ഡൗണിംഗ് സ്ട്രീറ്റിലെത്തുന്ന ലോകനേതാക്കളെല്ലാം ലാറ്റിയെയും താലോലിച്ചാണ് മടങ്ങിപ്പോകുന്നത്. അമേരിക്കൻ പ്രസിഡൻ്റായിരുന്ന ബരാക്ക് ഒബാമയോടൊപ്പമുള്ള ലാറിയുടെ ചിത്രം വളരെ പ്രസിദ്ധമാണ്.

ഡൗണിംഗ് സ്ട്രീറ്റിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിയുമറിഞ്ഞേക്കാം, പുതുമുഖങ്ങൾ അധികാരത്തിന്റെ ചെങ്കോലേന്തി കടന്നു വന്നേക്കാം. ഇവടെ വന്നു പോകുന്ന രാഷ്ട്രിയക്കാരല്ലാം അസ്ഥിര രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്നു ചീഫ് മൗസർക്കറിയാം. ഡൗണിംഗ് സ്ട്രീറ്റിലെ 10-ാം നമ്പർ വസതിയുടെ ഉമ്മറപ്പടി കടന്നെത്തുന്ന അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കാത്ത് അധികാരഗർവ്വോടെ ‘ചീഫ് മൗസർ’ അവിടെയുണ്ടാകും.

മാത്യൂ ചെമ്പുകണ്ടത്തിൽ

Share News