ഒരു നാട്ടിൽ നിന്നും ബുദ്ധി വൈഭവമുള്ളവർ മറ്റു നാടുകളിലേക്ക് പലായനം ചെയ്യുന്ന ഒരു രീതിയെ ആണ് “ബ്രെയിൻ ഡ്രേൻ “എന്ന് പറയുന്നത്.

Share News

കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നിലവാരം കുറഞ്ഞത് കൊണ്ട് ചെറുപ്പക്കാർ കൂട്ടത്തോടെ നാട് വിടുന്നു എന്ന കാര്യം ഇപ്പോൾ ചർച്ചാ വിഷയം ആണല്ലോ. ഇതിനെ ബ്രെയിൻ ഡ്രെയിൻ എന്ന് ചിലരും, ഡിസ്ട്രെസ്സ് മൈഗ്രേഷൻ എന്ന് മറ്റു ചിലരും, ഇതും കൂടാതെ വേറെ പല പേരിലും ഈ പ്രതിഭാസത്തെ അവതരിപ്പിക്കുന്നുണ്ട്, മറ്റു ചിലർ ഇത് സ്വാഭാവികമായ, എല്ലാ നാടുകളിലും നടക്കുന്ന സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഇവ എല്ലാം ശരി ആണെങ്കിലും പൂർണ്ണമല്ല എന്നതാണ് എന്റെ പക്ഷം. മാത്രമല്ല, ഇത് ഒരു പുതിയ സ്ഥിതിവിശേഷം അല്ല താനും.

എന്താണ് “ബ്രെയിൻ ഡ്രേൻ”? ഒരു നാട്ടിൽ നിന്നും ബുദ്ധി വൈഭവമുള്ളവർ മറ്റു നാടുകളിലേക്ക് പലായനം ചെയ്യുന്ന ഒരു രീതിയെ ആണ് ബ്രെയിൻ ഡ്രേൻ എന്ന് പറയുന്നത്. ഉദാഹരണത്തിന് IIT കളിലും, മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലും പഠിക്കുന്നവരിൽ ചിലർ വിദേശ നാടുകളിൽ ഉപരിപഠനത്തിനും, തൊഴിലിനുമായി പോകുമ്പോൾ, അവരുടെ ബുദ്ധിയുടെ ഗുണം ആ നാടുകൾക്കാണ് ലഭിക്കുന്നത്, ഇന്ത്യക്കല്ല. ഇന്ത്യ മൊത്തമായി എടുത്താൽ സ്ഥിതി ഇതാണെങ്കിലും, സംസ്ഥാനങ്ങൾ ഒന്നൊന്നയായ് എടുത്താൽ ഇന്ത്യക്കുള്ളിലും ഈ പലായനം കാണാം. ചില സംസ്ഥാനങ്ങളിലെ മിടുക്കർ മറ്റു ചില സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു, അവിടെ സ്ഥിരവാസമാക്കുന്നു. ഇത് വർഷങ്ങൾ, ദശാബ്ദങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുമ്പോൾ, പല തുള്ളി പെരുവെള്ളം എന്ന് പറഞ്ഞത് പോലെ ഒരു സംസ്ഥാനത്തു പ്രതിശീര്‍ഷ “ബുദ്ധി” സിദ്ധി ഒരു നല്ല തോതിൽ കുറയുകയും, ഇതേ അളവിൽ മറ്റിടങ്ങളിൽ കൂടുന്നു എന്നും കാണാം.

കേരളത്തിൽ നിന്നും ബ്രെയിൻ ഡ്രേൻ ആവുന്നുണ്ട്. പക്ഷെ അത് മാത്രമല്ല, ഇവിടെ സംഭവിക്കുന്നത്. കേരളത്തിൽ സംഭവിക്കുന്ന പ്രതിഭാസം പൂർണമായ ഒരു കോംപീറ്റൻസി ഡൈല്യൂഷൻ (നൈപുണ്യ ശോഷണം) ആണ്. ഇതിൽ ബ്രെയിൻ ഡ്രെയിൻ ഉണ്ട്, ഡിസ്ട്രെസ്സ് മൈഗ്രേഷൻ ഉണ്ട്, തൊഴിൽ തേടിയുള്ള കുടിയേറ്റം ഉണ്ട്, സ്വാഭാവികമായ മറ്റു കുടിയേറ്റങ്ങൾ, എല്ലാം ഉണ്ട്, അതും കൂടാതെ നൈപുണ്യാടിസ്ഥിതമല്ലാത്ത ഒരു കുടിയേറ്റ പ്രക്രിയയും ഇങ്ങോട്ടേക്കു നടക്കുന്നുണ്ട്. ഇവ എല്ലാം കൂടി നമ്മുടെ ശരാശരി നൈപുണ്യത്തെ നാളു തോറും പിന്നോട്ട് വലിക്കുകയാണ്.

ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ പറയുന്നത് ഏറ്റവും അര്‍ഹമായത്‌ അതിജീവിക്കുന്നമെന്നാണ്. ജീൻ പൂളിൽ നിന്നും ഏറ്റവും മികച്ചവ കാലത്തെ അതിജീവിക്കും. അത് പോലെ തന്നെ ജീൻ പൂളിൽ നിന്നും ഏറ്റവും മികച്ചവ ഇല്ലാതായാൽ, വംശനാശം സംഭവിക്കാം, റിവേഴ്‌സ് ഡാർവിനിസം, കേരളത്തിൽ സംഭവിക്കുന്ന മാതിരി. പരിണാമത്തിൽ നമ്മൾ അതിവേഗം നൈപുണ്യം നശിച്ച് വംശ നാശം വന്നു ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഞാൻ വിശദീകരിക്കാം.

ഒരു ഉദാഹരണത്തിന് പറഞ്ഞാൽ, ഒരു ചില്ലു പാത്രത്തിൽ നിറയെ വെള്ളം ഉണ്ട് എന്ന് കരുതുക. ഇതിൽ കൂടുതൽ തെളി വെള്ളവും, ബാക്കി മട്ടുമായി കലങ്ങി ഇരിക്കുകയാണ് എന്ന് കരുതുക. ഇതിൽ നിന്നും മട്ട് അടിഞ്ഞു നല്ല വെള്ളം തെളിയുന്നതനുസരിച്ച് അടിയിലെ മട്ട് മാത്രം ഊറ്റി കളഞ്ഞു കൊണ്ടിരുന്നാൽ പാത്രത്തിൽ ഒടുവിൽ തെളി വെള്ളം മാത്രം ആവും. വെള്ളത്തിന്റെ അളവ് കുറയുന്നതനുസരിച്ച്, അളവ് കൂട്ടാൻ വേണ്ടി നമ്മൾ ആ പാത്രത്തിലേക്ക് വീണ്ടും അതിലുള്ള വെള്ളത്തിന്റെ ഗുണത്തിന് അനുപാതമായ ഒഴിച്ച് നിറച്ചു കൊണ്ടിരുന്നാൽ, തെളിവെള്ളം നമുക്ക് എപ്പൊഴും ഊറ്റി എടുക്കാൻ സാധിക്കും, പാത്രം എപ്പൊഴും നിറഞ്ഞിരിക്കുകയും ചെയ്യും. ഡാർവിൻ പറഞ്ഞത് പോലെ, കാലം കഴിയും തോറും വെള്ളത്തിന്റെ മികവ് കൂടി കൊണ്ടിരിക്കും.

എന്നാൽ പാത്രത്തിൽ മട്ട് അടിഞ്ഞു നല്ല വെള്ളം തെളിയുന്നതനുസരിച്ച് തെളിവെള്ളമാണ് നമ്മൾ ഊറ്റി മാറ്റുന്നു എന്ന് കരുതുക. ഈ പ്രക്രിയ തുടർന്ന് കൊണ്ടിരുന്നാൽ പാത്രത്തിൽ മിച്ചം വരുന്നത് മട്ട് മാത്രം ആയിരിക്കും. വെള്ളത്തിന്റെ അളവ് കുറയുന്നതനുസരിച്ച്, അളവ് കൂട്ടാൻ വേണ്ടി നമ്മൾ ആ പാത്രത്തിലേക്ക് വീണ്ടും അതിലുള്ള വെള്ളത്തിന്റെ ഗുണത്തിന് അനുപാതമായവ ഒഴിച്ച് കൊടുത്തുകൊണ്ടിരുന്നാൽ, അതിൽ നിന്നും വീണ്ടും വീണ്ടും തെളി വെള്ളം ഊറ്റി മാറ്റിയാൽ കുറെ സമയത്തിന് ശേഷം ആ പാത്രം മുഴുവൻ ഉപയോഗിക്കാൻ കൊള്ളാത്ത മട്ട് മാത്രമാവും. റിവേഴ്‌സ് ഡാർവിനിസം.

ഇതും പോരാതെ, ആ പാത്രത്തിലേക്ക് ഗുണത്തിന് അനുപാതമായവ വെള്ളം മാത്രമല്ല, നമ്മൾ അതിലേക്ക് മറ്റു പാത്രങ്ങളിലെ മട്ട് കൂടി എടുത്തു ഒഴിച്ച് കൊണ്ടിരുന്നാൽ, പാത്രത്തിൽ മട്ട് നിറയുന്ന പ്രക്രിയയുടെ വേഗം കൂടും, അതിവേഗം ആ പാത്രം മുഴുവൻ ഉപയോഗിക്കാൻ കൊള്ളാത്ത മട്ട് മാത്രം ആവും. ഒരു തരാം ആക്സിലറേറ്റഡ് റിവേഴ്‌സ് ഡാർവിനിസം.

കേരളത്തിൽ ആയിരത്തി തൊള്ളായിരത്തി അറുപതുകൾ മുതൽ ,പഠിക്കാൻ ഏറ്റവും മിടുക്കർ ഏതെങ്കിലും പ്രൊഫഷണൽ ഡിഗ്രി, മാസ്റ്റേഴ്സ് ഒക്കെ എടുക്കാൻ ശ്രമിക്കും. ഉദാഹരണത്തിന് ഡോക്ടറോ, എൻജിനീയറോ, നഴ്‌സോ, ഒക്കെ. ഇവരിൽ വളരെ ഒരു ചെറിയ ശതമാനത്തിനു മാത്രമേ കേരളത്തിൽ ഡിഗ്രിക്കും, ഉപരിപഠനത്തിനും അവസരം കിട്ടുകയുള്ളു. മറ്റുള്ളവർ കേരളത്തിന് വെളിയിൽ മറ്റു സംസ്ഥാനങ്ങളിലും, വിദേശ നാടുകളിലും പോയി പഠിക്കും. വെളിയിൽ പഠിക്കുന്നവർ ഒട്ടു മിക്കവാറും പിന്നീട് പുറം നാടുകളിൽ തന്നെ തൊഴിൽ കണ്ടുപിടിച്ച് അവിടെ തുടരും. ഇവരുടെ വരും തലമുറകളും കേരളത്തിന് വെളിയിൽ തന്നെ തുടരും. കേരളത്തിൽ പഠിക്കുന്നവരും, നല്ല തൊഴിൽ അവസരങ്ങൾ തേടി മറ്റു സംസ്ഥാനങ്ങളിലോ, പുറം നാടുകളിലോ പോകും. ഇവരും ഇവരുടെ ഭാവി തലമുറകളും കേരളത്തിന് വെളിയിൽ തന്നെ തുടരും. അങ്ങനെ പഠിക്കാൻ ശേഷിയുള്ള കുറെ ആളുകൾ നമ്മുടെ ചില്ലു പാത്രത്തിലെ തെളിവെള്ളം പുറത്തേക്ക് ഊറ്റിയ പോലെ കേരളം വിട്ടു ഒരിക്കലും തിരിച്ചു വരാതെ പോയി. ഈ പ്രക്രിയ വർഷാ വര്ഷം തുടർന്ന് കൊണ്ടിരിക്കുന്നു. ഇന്നും അത് തന്നെയാണ് സംഭവിക്കുന്നത്. ഈ രീതി തൊണ്ണൂറുകൾക്ക് ശേഷം ദ്രുതഗതിയിലാകുകയും കൂടി ചെയ്തു.

പ്രൊഫഷണൽ ഡിഗ്രി എടുത്തവർ മാത്രമല്ല, പഠിക്കാൻ മിടുക്കർ, IAS, IPS, മുതലായ സിവിൽ സർവിസ് മേഖലയിൽ കയറും. ഇവർ മിക്കവാറും കേരളത്തിന് വെളിയിൽ ആണ് ജോലി ചെയ്യുക, അഥവാ കേരളത്തിൽ വേല ചെയ്താലും, മക്കളെ നാടിനു വെളിയിൽ വിടും. അവരും അവരുടെ മക്കളും ആ നാടുകളിൽ വളരും. വരും തലമുറ മിക്കവാറും എല്ലാവരും തന്നെ കേരളത്തിന് വെളിയിൽ തുടരും. ചില്ലു പാത്രത്തിലെ തെളിവെള്ളം വീണ്ടും ഊറ്റിയ പോലെ.

കേരളത്തിൽ ഡിഗ്രി എടുത്ത, കേരളാ സർക്കാർ സർവീസിൽ കയറി പറ്റാത്തവർ, സ്വകാര്യ മേഖലയിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ ചെന്നൈ, മുംബൈ, കൽക്കട്ട, ഡൽഹി ഒക്കെ പോയി എന്തെങ്കിലും സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടു പിടിച്ചു. അവരും അവരുടെ മക്കളും ആ നാടുകളിൽ വളരും. വരും തലമുറ മിക്കവാറും എല്ലാവരും തന്നെ കേരളത്തിന് വെളിയിൽ തുടരും. ചില്ലു പാത്രത്തിലെ തെളിവെള്ളം വീണ്ടും ഊറ്റിയ പോലെ.

പക്ഷെ കേരളത്തിന്റെ ശാപം ഇവിടെ നിൽക്കുന്നില്ല. പഠിക്കാൻ വലിയ മികവോ, താല്പര്യമോ ഇല്ലാത്ത, പക്ഷെ മറ്റു രീതിയിൽ വലിയ സമർത്യയും, കാര്യക്ഷമതയും ഉള്ളവർ, ഉദാഹരണത്തിന് ബിസ്സിനസ്സ്, നിക്ഷേപം, മുതലായവിൽ അതി നൈപുണ്യം ഉള്ളവർ, പക്ഷെ ജീവിക്കാൻ ഏറ്റവും മിടുക്കുള്ളവർ, പ്രതിസന്ധികളിൽ പ്രതികരിക്കാൻ കഴിവുള്ളവർ, കേരളത്തിലെ നിക്ഷേപശത്രുത മനസ്ഥിതിയും, യൂണിയൻ അതി പ്രസരവും, സ്വകാര്യ മേഖലയിൽ തൊഴിൽ ഇല്ലാത്തതും, സർക്കാർ മേഖലയിൽ പൊതുവെയുള്ള സ്വജനപക്ഷപാതവും കാരണം എന്തെങ്കിലുമൊക്കെ തൊഴിലും ചെയ്തോ, ബിസ്സിനെസ്സ് ചെയ്തോ ഗതി പിടിക്കാനായി കള്ള വണ്ടി കയറിയാണെങ്കിലും മറു നാടുകളിലേക്ക് പലായനം ചെയ്തു, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. ഈ പ്രവാസികൾ ആവുന്ന കാലത്തോളം കേരളത്തിന് വെളിയിൽ തുടരും. ഇതിൽ കേരളത്തിന് ആശ്വാസമായത് പല ഗൾഫ് രാജ്യങ്ങളിലും സ്ഥിരതാമസത്തിനു കുടിയേറ്റ നിയമങ്ങൾ അനുവദിക്കാറില്ല, അത് കൊണ്ട് ഇവരുടെ മക്കളും കുടുംബവും പലപ്പോഴും കേരളത്തിൽ തുടരും. എന്നിരുന്നാലും, ഒരു ഗതി വന്നാൽ, ഒരു മാർഗ്ഗം തുറന്നാൽ ഉടൻ തന്നെ ഇവരുടെ മക്കൾ കേരളത്തിന് വെളിയിലേക്ക് പലായനം ചെയ്യും. വരും തലമുറകൾ കേരളത്തിന് വെളിയിൽ തുടരും. ചില്ലു പാത്രത്തിലെ തെളിവെള്ളം വീണ്ടും ഊറ്റി കളയുന്നു.

പഠിക്കാൻ മിടുക്കുള്ള, മറ്റു നൈപുണ്യങ്ങൾ ഉള്ളവർ, എന്നാൽ വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ലാത്തവർ നാട്ടിൽ തുടരും. പക്ഷെ ഇവരുടെ മക്കളും, വരും തലമുറയും മിക്കവാറും കേരളത്തിന് വെളിയിൽ തന്നെ ആവും. ചുരുക്കി പറഞ്ഞാൽ കേരളത്തിൽ നൈപുണ്യവും, കഴിവും, ബുദ്ധിശക്തിയും മികച്ചവരിൽ മിക്കവാറും എല്ലാവരും, അവരുടെ അടുത്ത തലമുറകളും കേരളത്തിന് വെളിയിൽ പോയി കഴിഞ്ഞിരിക്കുന്നു.

എല്ലാം നേരിട്ട് കേരളത്തിൽ പിടിച്ചു നിൽക്കുന്നവരെ അഞ്ചു തരം ആയി നമുക്ക് കണക്കാക്കാം. ഒന്നാമതായി, നിത്യവൃത്തിക്കായി സർക്കാർ, സർക്കാർ അനുബന്ധ സംഘടിത, മറ്റ് അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർ. നമ്മുടെ നാട്ടിൽ ഇത് മാതിരി തൊഴിലിൽ അതിജീവനത്തിനു വേണ്ടിയ വിശേഷലക്ഷണം അനുസരണയും, അനുവർത്തനവുമാണ്. രണ്ടാമതായി കേരളത്തിൽ എന്തെങ്കിലും ബിസിനസ്സ് ചെയ്ത്, സാമൂഹ്യ സേവനം ഒക്കെ ചെയ്ത് ജീവിക്കുന്നവർ. ഇവർക്കും പിടിച്ചു നിൽക്കണമെങ്കിൽ അനുസരണയും, അനുവർത്തനവും അത്യാവശ്യ വിശേഷലക്ഷണം ആണ്. മൂന്നാമതായി പ്രത്യേകിച്ച് തൊഴിൽ ഒന്നും ചെയ്യാതെ ഇത്തിൾകണ്ണിയായി മറ്റുള്ളവരുടെ ചിലവിൽ കഴിയുന്നവർ, ഇവർക്ക് വേണ്ടിയ വിശേഷലക്ഷണം വിധേയത്വവും, സ്തുതിപാഠനവും, കൃതിമം കാണിക്കാനുള്ള കഴിവുമാണ്. നാലാമതായി കലയും, കായീകവും അതിനനുബന്ധ തൊഴിലുകളും ചെയ്യുന്നവരാണ്. ഇവർ പൊതുവെ മറ്റു മൂന്നു കൂട്ടരുടെയും ആവശ്യങ്ങൾ മനസിലാക്കി അത് നിറവേറ്റുന്നവർ ആണ്. ഇവർക്കു വേണ്ടണ്ടത് നൈസർഗീയമായ കഴിവും, മറ്റുള്ളവരെ മനസ്സിലാക്കാനുമുള്ള കഴിവും ആണ്. ഈ നാല് കൂട്ടത്തിലുമുള്ളവരുടെ മിടുക്കരായ മക്കളും, കൊച്ചു മക്കളും വെളിയിൽ പോവുന്നു. നമ്മുടെ മിച്ചമുള്ള തെളിനീരും പാത്രത്തിൽ നിന്നും ഊറ്റി മാറുന്നു.

ഈ നാല് കൂട്ടം ആളുകൾ പൊതുവെ വിധേയരും, അനുസരണയും ഉള്ളവർ ആവുമ്പോൾ, ഇവരിൽ ഏറ്റവും കൗശലക്കാർ ഈ കൂട്ടരുടെ മുകളിൽ വരും. അതാണ് അഞ്ചാം കൂട്ടർ. അവർ രാഷ്ട്രീയത്തിലൂടെയും, മറ്റു മേഖലകളിൽ തലപ്പത്തും കഴിവുകൊണ്ട് എത്തിപ്പെടും. ഇവർക്ക് വേണ്ടിയ സ്വഭാവ വിശേഷം ഏറ്റവും കുറഞ്ഞത് നേതൃത്വഗുണവും, മറ്റുള്ളവരെ കൂടെ നിർത്തുവാനുള്ള വാചക ശേഷിയുമാണ്. ഈ കൂട്ടത്തിലുമുള്ളവരുടെ മിടുക്കരായ മക്കളും, കൊച്ചു മക്കളും വെളിയിൽ പോവുന്നു. മിച്ചമുള്ള തെളിനീരും പാത്രത്തിൽ നിന്നും മാറ്റുന്നു.

ഇതാണ് കേരളത്തിന്റെ ശാപം. അത് വെറും ബ്രെയിൻ ഡ്രേനിൽ നിൽക്കുന്നില്ല. ഒരു പൂർണ്ണമായ നൈപുണ്യ ശോഷണം തന്നെയാണ് സംഭവിക്കുന്നത്. കേരളത്തിലേക്ക് അപ്പോൾ ആരും വരാറില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. അന്യ സംസ്ഥാനങ്ങളിലെ ചില സർക്കാർ ജീവനക്കാർ, പക്ഷെ ഇവർ ആരും തന്നെ ഒരു നിവൃത്തിയുണ്ടെങ്കിൽ കേരളത്തിൽ വരില്ല, അപ്പോൾ മികവിൽ മികച്ചവർ കേരളം തിരഞ്ഞെടുക്കാറില്ല. പിന്നെ ലക്ഷ കണക്കിന് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ. ഇവർ പക്ഷെ ഏറ്റവും മിടുക്കരോ, ചുറുചുറുക്കുള്ളവരോ, ഒന്നുമല്ല. കൂടുതലും “അതിഥി തൊഴിലാളികൾ” ആണ്. അവരവരുറെ നാടുകളിൽ ഏറ്റവും നൈപുണ്യം കുറഞ്ഞവർ. നമ്മുടെ പാത്രത്തിൽ മറ്റു പാത്രങ്ങളിലെ മട്ട് ഒഴിക്കുന്നത് പോലെ, അളവ് കൂടും, പക്ഷെ ഗുണം വേഗം കുറയും. ബുദ്ധിയിലും, മറ്റു മികവിലും ഇവർ നമ്മുടെ നാടിനെ പുരോഗതിയിലേക്ക് നയിക്കാൻ സാധ്യതയില്ല. ഇത് കാരണം കേരളത്തിൽ സംഭവിക്കുന്നനൈപുണ്യ ശോഷണം വെറും റിവേഴ്‌സ് ഡാർവിനിസം അല്ല, ആക്സിലറേറ്റഡ് റിവേഴ്‌സ് ഡാർവിനിസം ആണ്. പരിണാമത്തിൽ നമ്മൾ അതിവേഗം നൈപുണ്യം നശിച്ച് വംശ നാശം വന്നു ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ചുരുക്കി പറഞ്ഞാൽ വർഷാ വര്ഷങ്ങളായി അതിജീവനത്തിനു വേണ്ടി നൈപുണ്യമുള്ളവർ കേരളത്തിന് പുറത്തേക്കു പോയിക്കൊണ്ടിരിക്കുന്നു. നാട് വിടാതെ കേരളത്തിൽ കഴിയുന്നവർ ഇവിടെ അതിജീവനത്തിനു വേണ്ട അനുസരണയും, അനുവർത്തനവും, നിര്‍ദ്ദയരും ആയി ചുരുങ്ങി. കേരളത്തിലേക്ക് വരുന്ന അന്യ സംസ്ഥാനക്കാർ നൈപുണ്യത്തിൽ പിന്നോക്കം നിൽക്കുന്നവരും മാത്രം.

വര്ഷങ്ങളായി നടക്കുന്ന ഈ നൈപുണ്യ ശോഷണം മാറ്റണമെങ്കിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തിയത് കൊണ്ട് മാത്രമാവില്ല. തെളിവെള്ളം ഊറ്റി കളയാതിരിക്കാൻ ശ്രദ്ധിക്കുന്നത് പോലെ, കഴിവുള്ളവരെ നാട്ടിൽ തന്നെ നിർത്താൻ തൊഴിൽ, വ്യവസായ സാഹചര്യം ഒരുക്കണം. മാത്രമല്ല, മട്ട് കുറയ്ക്കാൻ തെളിവെള്ളം വീണ്ടും ഒഴിക്കുന്നത് പോലെ പുറത്തു പോയവരിൽ തിരികെ വരാൻ താൽപര്യമുള്ളവരെ കൊണ്ടുവന്നു താക്കോൽ സ്ഥാനങ്ങളിൽ നിയമിച്ചു, നഷ്ടപ്പെട്ട് പോയ നൈപുണ്യവും, പാണ്ഡിത്യവും, ചുറുചുറുക്കും തിരികെ വരുത്തണം.

ടോണി തോമസ്

Share News