ഡിജോ കാപ്പൻ| സാക്ഷ്യമായി മാറിയ ഒരു ജീവിതം|സത്യസന്ധമായി പ്രവർത്തിക്കുന്ന ഓരോ സാമൂഹ്യപ്രവർത്തകനിലൂടെയും ഡിജോ കാപ്പൻ ജീവിക്കും

Share News

### *സത്യവും വിശ്വാസവും കൈവിടാതെ നടന്ന ഒരാളുടെ സ്മരണയിൽ*

പാലായിൽ ജനിച്ച ഡിജോ കാപ്പൻ, ഒരു നല്ല പാലാക്കാരന്റെ എല്ലാ സവിശേഷതകളും തന്റെ ജീവിതത്തിൽ പ്രതിഫലിപ്പിച്ച വ്യക്തിയായിരുന്നു.

വ്യക്തതയുള്ള ചിന്ത, തുറന്ന വാക്ക്, ഉറച്ച നിലപാട് — ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടയാളങ്ങൾ.

മാതാവ് മേരി ജോസഫ് ഇടമറ്റത്തെ തറവാട്ടിൽ അനുജൻ സന്തോഷിനോടൊപ്പം താമസിക്കുന്നു. സഹോദരങ്ങൾ – സന്തോഷ്, ജയിംസ്, ഗ്ലോറി, പുഷ്‌പ, ടെസി, ഭാര്യ: ഡോ. മിനി കാപ്പൻ കേരള യൂണിവേഴ്സ‌ിറ്റിയിൽ പ്ലാനിംഗ് ഡയറക്ടറാണ്. മകൻ അശ്വിൻ ഡി കാപ്പൻ (അയർലൻ്റ്) മരിയറ്റ ഡി കാപ്പൻ (ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണ വിദ്യാർത്ഥി) എഡ്വിൻ ഡി.കാപ്പൻ (യു.കെ) മരുമകൾ – അർഷ (അയർലന്റ്)

സാമൂഹ്യപ്രവർത്തകനും ഉപഭോക്തൃവിദ്യാഭാസ മേഖലയിലെ വിദക്തനും .. ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയൻ ..ഇങ്ങനെയൊക്കെയാണ് പ്രധാന മാധ്യമങ്ങൾ അദ്ദേഹത്തെ വേർപാടിനുശേഷം വിശേഷിപ്പിച്ചിരിക്കുന്നത്

അദ്ദേഹത്തിന്റെ സാമൂഹ്യയാത്ര വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ആരംഭിച്ചത്. കേരള കോൺഗ്രസ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം, വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കെ ഒരു ഘട്ടത്തിൽ സ്വയം പിന്തിരിഞ്ഞു. അധികാരമോ സ്ഥാനമോ ലക്ഷ്യമാക്കാത്ത ഒരു മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു.

ജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള ആഗ്രഹമാണ് അദ്ദേഹത്തെ പുതിയ വഴികളിലേക്ക് നയിച്ചത്.

സാമൂഹ്യ, രാഷ്ട്രീയ, ആത്മീയ മേഖലകളിൽ സുവിശേഷം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം അദ്ദേഹം ആഗ്രഹിച്ചു.

വിശ്വാസം ജീവിതത്തിന്റെ ഒരു ഭാഗമല്ല, മുഴുവൻ ജീവിതത്തിന്റെയും അടിസ്ഥാനം ആകണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

അതിന്റെ ഫലമായിട്ടാണ് കേരള കരിസ്മാറ്റിക് മുന്നേറ്റത്തിൽ *”ഫ്രണ്ട്സ് ഓഫ് റീന്യൂവൽ”* എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.

ആ പ്രസ്ഥാനത്തിന്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു:

> *“സമഗ്ര മേഖലകളിൽ ക്രിസ്തുസാക്ഷ്യം — വിശ്വാസത്തോടെ, വിവേകത്തോടെ, വിശുദ്ധിയോടെ.”*

>

ഇത് ഒരു മുദ്രാവാക്യം മാത്രമല്ലായിരുന്നു; അത് അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തിന്റെ രൂപരേഖയായിരുന്നു.

ഡിജോ കാപ്പന്റെ മറ്റൊരു പ്രത്യേകത അദ്ദേഹത്തിന്റെ പഠനശേഷിയും അവതരണ ശേഷിയും ആയിരുന്നു. വസ്തുതകൾ വ്യക്തമായി പഠിച്ചശേഷം മാത്രമേ അദ്ദേഹം അഭിപ്രായം പറയുമായിരുന്നുള്ളു. ബോധ്യങ്ങൾ തുറന്നുപറയാൻ അദ്ദേഹം ഒരിക്കലും മടിച്ചില്ല.

വേദിക്കൊത്തുള്ള നയം മാറ്റം, നിലപാടിലുള്ള വ്യതിയാനം — ഇവ അദ്ദേഹത്തിന്റെ ജീവിതത്തിൽ കാണാനായില്ല.

സത്യമായി വിശ്വസിച്ചതാണ് അദ്ദേഹത്തിന്റെ വാക്കും വഴിയും. ഇത്തരം വ്യക്തിത്വങ്ങൾ എളുപ്പത്തിൽ എല്ലാവർക്കും സ്വീകാര്യരാകണമെന്നില്ല. മിത്രങ്ങളെ സൃഷ്ടിക്കുവാൻ അദ്ദേഹം ശ്രമിച്ചില്ല; എന്നാൽ ഉറച്ച വാക്കുകളും ശക്തമായ പ്രവർത്തനങ്ങളും വഴി ചിലപ്പോൾ ശത്രുക്കളെ നേടി.

എന്നാൽ അത് വ്യക്തിപരമായതല്ലായിരുന്നു — ആശയത്തിന്റെ ഉറച്ച നിലപാടിന്റെ പ്രതിഫലനം മാത്രമായിരുന്നു.

ദുർഭാഗ്യവശാൽ, ഇത്തരത്തിലുള്ള വ്യക്തിത്വത്തിന്റെ സേവനം അതിന്റെ പൂർണ്ണതയിൽ പ്രയോജനപ്പെടുത്താൻ കേരള സഭയ്ക്ക് സാധിച്ചില്ല എന്നത് പറയാതെ വയ്യ.

അദ്ദേഹത്തിനുണ്ടായിരുന്ന ദർശനവും വ്യക്തതയും ആത്മീയ പ്രതിബദ്ധതയും — ഇവയെ കൂടുതൽ വ്യാപകമായി സമൂഹത്തിനും സഭയ്ക്കും ഉപയോഗിക്കാമായിരുന്നുവെന്ന് തോന്നുന്നു.

തലയെടുപ്പുള്ള ഈ നേതാവിനെ എന്തുകൊണ്ടോ, നേരിട്ട് പരിചയപ്പെടും മുമ്പേ തന്നെ എനിക്ക് ഇഷ്ടമായിരുന്നു.

മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന എനിക്ക്, രാഷ്ട്രീയ നേതാവായ ഡിജോയുടെ പ്രഭാഷണരീതിയും ആശയവും അവതരണവും ഏറെ സ്വീകാര്യമായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ, അത് ഒരു പ്രസംഗമല്ല — ഒരു വ്യക്തമായ ചിന്തയുടെ ഒഴുക്കായിരുന്നു.

വർഷങ്ങൾക്ക് ശേഷം ഞാൻ സൺ‌ഡേ ശാലോമിലേക്ക് അയക്കുവാൻ തയ്യാറാക്കിയ ഫീച്ചറിന് നൽകിയ പേര് — *“കാപ്പന്റെ കാലുമാറ്റം കർത്താവിലേയ്ക്ക്”* എന്നായിരുന്നു. ഫോണിൽ അത് വായിച്ചുകേൾപ്പിച്ചപ്പോൾ അദ്ദേഹം ആസ്വദിച്ച് ചിരിച്ചു.

“ഇതിൽ കുറച്ച് കൂടി വിവരങ്ങൾ ചേർക്കാം” എന്ന് പറഞ്ഞ് ഞാൻ അത് മാറ്റിവെച്ചു. എന്നാൽ പിന്നീട് അത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. കാരണം, അദ്ദേഹത്തോടുള്ള ഒരു വിശദമായ അഭിമുഖം പൂർത്തിയാക്കാൻ സാധിച്ചില്ല.

ഡിജോയെക്കുറിച്ച് എഴുതുമ്പോൾ ഒന്നും വിട്ടുപോകരുതെന്ന് ഞാൻ ആഗ്രഹിച്ചു — അതുകൊണ്ടാവാം അത് വൈകിയത്.

പിന്നീട് പലവട്ടം കണ്ടപ്പോഴും ആ ഫീച്ചറിനെക്കുറിച്ച് വീണ്ടും സംസാരിക്കാൻ അവസരം ഉണ്ടായില്ല. തിരക്കേറിയ കൂടിക്കാഴ്ചകൾ…

എപ്പോഴും അദ്ദേഹത്തെ ചുറ്റിപ്പറ്റി കുറഞ്ഞത് മൂന്ന് പേർ എങ്കിലും ഉണ്ടാകും. സംസാരിക്കുവാൻ ആളുകൾ ഓടിയെത്തും. അദ്ദേഹം — ഒരു ചെറുപുഞ്ചിരിയോടെ, ഒരേ സമയം എല്ലാവരെയും അഭിമുഖീകരിക്കും; ഒരാളെയും അവഗണിക്കാതെ, ഒരാളെയും ഒഴിവാക്കാതെ.

പി ടി തോമസിന്റെ കുടുംബവുമായുള്ള അടുപ്പം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ ഒരു പ്രധാന അധ്യായമാണ്.. രോഗതുരനായിരിക്കെ മരണം മുന്നിൽ കണ്ട പി.റ്റി.തോമസ് തന്റെ അന്ത്യകർമ്മങ്ങൾ എങ്ങനെ വേണമെന്ന് എഴുതി ഏല്‌പിച്ചിരുന്നത് ഡിജോ കാപ്പനെയായിരുന്നു.

പി ടി തോമസിനും പിന്നീട് ഉമ തോമസിനും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ പലവട്ടം കൂടിക്കാഴ്ചകൾ നടന്നിരുന്നു.

അദ്ദേഹത്തെ കാണുവാൻ പി ടിയുടെ ഓഫീസിലും, യു ഡി എഫ് തിരഞ്ഞെടുപ്പ് ഓഫീസിലും ഞാൻ പോയിട്ടുണ്ട്.

തന്ത്രങ്ങൾ മെനയുന്നതിൽ, വോട്ടർമാരുടെ രാഷ്ട്രീയ മനസ്സ് മുൻകൂട്ടി കാണുന്നതിൽ, അതിനെ തന്റെ ആഗ്രഹം പോലെ പാകപ്പെടുത്തി വോട്ടുകളാക്കി മാറ്റുന്നതിൽ ഡിജോയ്ക്ക് അസാധാരണമായ കഴിവുണ്ടായിരുന്നു.

പാലായിൽ കാപ്പൻ ജയിച്ചതും, പല അവസരങ്ങളിലും പി സി തോമസ് വിജയിച്ചതും, ചിലർ തോറ്റതും — ഇതെല്ലാം ഡിജോയുടെ ബുദ്ധിയും നിർദേശങ്ങളുമാണെന്ന് രാഷ്ട്രീയ മേഖലയിൽ ഉള്ളവർക്ക് അറിയാം.

മൈക്കിൾ വരകിൽ എന്ന ബാല്യകാല സുഹൃത്തിന്റെ വേർപാടിന്റെ നാല്പതാം ദിവസം, എറണാകുളം തോപ്പിൽ പള്ളിയിൽ വന്നപ്പോഴാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്.

ആ ചടങ്ങിൽ ഉമ തോമസും ഉണ്ടായിരുന്നു. എറണാകുളം രൂപതയിലെ കുർബാന വിഷയവും അടക്കം പല കാര്യങ്ങളും സംസാരിച്ചു. സഭയുടെ ഔദ്യോഗിക നിലപാടുകൾക്കൊപ്പം ഉറച്ചു നിൽക്കുന്ന ഒരാളായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ ശ്രീ ജെയിംസ് വടക്കനൊപ്പം ആരംഭിച്ച *സെന്റർ ഫോർ കൺസ്യുമർ സ്റ്റഡീസ്* കേരള പൊതുജീവിതത്തിൽ നിർണായക ഇടപെടലുകൾ നടത്തി.

സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും സാധാരണക്കാരെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ വിധികൾ നേടാൻ കഴിഞ്ഞു. ഇനി മുതൽ ആ സ്ഥാപനം ഡിജോ കാപ്പന്റെ പേരിൽ അറിയപ്പെടുമെന്ന് ജെയിംസ് വടക്കൻ അറിയിച്ചു.

മരണത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം നൽകുന്ന പ്രത്യാശ അദ്ദേഹത്തിന്റെ ജീവിതത്തിന് എത്രയോ അനുയോജ്യമാണ്:

> *”നല്ല പോരാട്ടം ഞാൻ പോരാടി, എന്റെ ഓട്ടം പൂർത്തിയാക്കി, വിശ്വാസം കാത്തുസൂക്ഷിച്ചു.”* (2 തിമോത്തിയോസ് 4:7)

>

വിശ്വാസവും നിലപാടും മുറുകെപ്പിടിച്ച് നടന്ന ഒരാൾക്ക് ഇതിലും വലിയൊരു സാക്ഷ്യം നൽകാനില്ല.

ആ അർത്ഥത്തിൽ ഡിജോ ഒരിക്കലും മരിക്കുന്നില്ല; കാരണം അദ്ദേഹം പകർന്നുനൽകിയ വ്യക്തതയുള്ള ചിന്തകൾ ഒരു സമൂഹത്തിന്റെ ബോധ്യങ്ങളിൽ ഇന്നും സജീവമാണ്.

യാത്രമൊഴി പറയുന്നില്ല…

അദ്ദേഹം പാലായിൽ ഉണ്ട്… നമുക്കിടയിൽ ഉണ്ട്…

ഡിജോ കാപ്പന് പ്രണാമം.
പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ നിന്ന് മൃതദേഹം ഭവനത്തിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ.

ഉചിതമായി പ്രതികരിക്കുന്ന, സത്യസന്ധമായി പ്രവർത്തിക്കുന്ന ഓരോ സാമൂഹ്യപ്രവർത്തകനിലൂടെയും ഡിജോ കാപ്പൻ ജീവിക്കും.

അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകം വൈകാതെ ശ്രീ ജെയിംസ് വടക്കൻ അടക്കമുള്ള സുഹൃത്തുക്കൾ തയ്യാറാക്കുന്നു. അതിലൂടെ അദ്ദേഹത്തിന്റെ ദർശനങ്ങൾ സമൂഹത്തിൽ എന്നും നിറഞ്ഞുനിൽക്കും

*പ്രണാമം പ്രിയപ്പെട്ട സുഹൃത്തേ…*

*സാബു ജോസ്*

9446329343.

അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ സംസ്കാരം ഞായറാഴ്ച(03/04/2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

സംസ്കാര ചടങ്ങുകൾ ഞായറാഴ്ച (03/04/2026) ഉച്ചയ്ക്ക് 2 മണിക്ക് പള്ളിയ്ക്കു സമീപമുള്ള ഭവനത്തിൽ നിന്നും ആരംഭിക്കും.

Share News