കിറ്റക്സിന്റെ വരുമാനം ആദ്യമായി1000 കോടിക്ക് മുകളിൽ ലാഭകുതിപ്പ്

Share News

പ്രമുഖ വസ്ത്ര നിർമാതാക്കളും കുട്ടികളുടെ വസ്ത്ര നിർമാണ, കയറ്റുമതി രംഗത്ത് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നുമായ കിറ്റെക്സ് ഗാർമെന്റ്സിന്റെ (Kitex Garments) വാർഷിക വരുമാനം (Total Consolidated Income) ചരിത്രത്തിലാദ്യമായി 1,000 കോടി രൂപ ഭേദിച്ചു. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വർഷത്തിൽ 1001.34 കോടി രൂപയുടെ സംയോജിത മൊത്ത വരുമാനമാണ് കമ്പനി കൈവരിച്ചത്. തൊട്ടുമുൻവർഷം 631.17 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തെ സംയോജിത ലാഭം (Consolidated net profit) 55.83 കോടി രൂപയിൽ നിന്ന് 143.14% കുതിച്ച് 135.74 കോടി രൂപയിലുമെത്തി.കഴിഞ്ഞവർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ സംയോജിത ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 19.74 കോടി രൂപയിൽ നിന്ന് 61.15% മുന്നേറി 31.81 കോടി രൂപയായെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. കഴിഞ്ഞപാദ മൊത്ത വരുമാനം 176.29 കോടി രൂപയിൽ നിന്ന് 72.94% ഉയർന്ന് 304.85 കോടി രൂപയായി.കമ്പനിയുടെ പ്രവർത്തനമികവും പ്രവർത്തന വിപുലീകരണവും അനുകൂലമായ ആഗോള വിപണി സാഹചര്യവും മികച്ച ലാഭവും വരുമാനവും നേടാൻ സഹായകമായെന്ന് കിറ്റെക്സ് ഗാർമെന്റ്സ് ചെയർമാൻ സാബു ജേക്കബ് ‘മനോരമ ഓൺലൈനിനോട്’ പ്രതികരിച്ചു. വസ്ത്ര കയറ്റുമതി രംഗത്തെ പ്രമുഖരായ ബംഗ്ലദേശ്, ചൈന എന്നിവിടങ്ങളിൽ നിന്ന് ബിസിനസുകളും ഓർഡറുകളും ഇന്ത്യയിലേക്ക് മാറുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം (Reciprocal Tariff) കോടതി മരവിപ്പിച്ചതിനെ താൽകാലികമായാണ് കാണുന്നത്. പകരച്ചുങ്കം റദ്ദാക്കിയാലും ഇല്ലെങ്കിലും നിലവിലെ വിപണി സാഹചര്യം ഇന്ത്യയ്ക്കാണ് അനുകൂലം

ഇന്ത്യ യുകെയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിലേർപ്പെടുന്നതും (Free Trade Agreement /FTA) കിറ്റെക്സിന് നേട്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസിന് പുറമെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കിറ്റെക്സ് വിപണി വിപുലീകരിച്ചിട്ടുണ്ട്. യുകെയുമായുള്ള കരാർ വഴി ഇറക്കുമതിച്ചുങ്കം പൂജ്യമായി (0% import tariff) മാറും. യുഎസുമായുള്ള കരാറിലും പ്രതീക്ഷിക്കുന്നത് പൂജ്യം തീരുവയാണ്. നിലവിൽ‌ ബംഗ്ലദേശിന് യൂറോപ്പിൽ പൂജ്യം തീരുവ എന്ന നേട്ടമുണ്ട്. ഇന്ത്യക്കും ആ ആനുകൂല്യം കിട്ടുന്നതോടെ വിപണിയിൽ നമുക്ക് കൂടുതൽ നേട്ടം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

കിറ്റെക്സ് തെലങ്കാനയിൽ 3,500 കോടി രൂപ നിക്ഷേപ ലക്ഷ്യത്തോടെ തെലങ്കാനയിൽ തുടക്കമിട്ട അപ്പാരൽ പാർക്കിന്റെ (Kitex Apparel Parks) ആദ്യഘട്ടം കമ്മിഷൻ ചെയ്തിരുന്നു. അടുത്തവർഷമാണ് രണ്ടാംഘട്ട കമ്മിഷനിങ്. യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ഓർഡറുകൾക്കനുസരിച്ച് കയറ്റുമതി ഉറപ്പാക്കാൻ പാർക്കിന്റെ പ്രവർത്തനം കരുത്താകും. മൊത്തം 25,000ലേറെ തൊഴിലവസരങ്ങളുള്ളതാണ് ഈ ഫാക്ടറി. പാർക്കിന്റെ പ്രവർത്തനം പൂർണസജ്ജമാകുന്നതോടെ വരുമാനം 5,000 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷകൾ.

May be an image of 1 person and text that says "ИTEX I K E X 1000 കോടിക്ക്‌മേൽ ലാഭകുതിപ്പ്"

Share News