എൻ. ഐ. എ. കേരളത്തോടു ചെയ്തത്!
സ്വർണ്ണം കടത്തുന്നവരിൽ ദേശവിരുദ്ധ പ്രവർത്തനം നടത്താത്തവരും ഉണ്ട് എന്ന തിരിച്ചറിവ് കേരളത്തിനു നൽകാൻ എൻ. ഐ. എ ക്കു കഴിഞ്ഞിരിക്കുന്നു!
ദേശ വിരുദ്ധ ദുരുദ്ദേശ്യങ്ങളില്ലാതെ സോദ്ദേശ്യപരമായി സ്വർണ്ണം കടത്തുന്നത്, സാങ്കേതികമായി നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ (യൂ എ പി എ) പരിധിയിൽ വരുമെങ്കിലും അതിൽ ഉൾപ്പെടുന്നവർ രാജ്യ ദ്രോഹികളല്ല. അത്തരക്കാർക്ക് വെറും സാമ്പത്തിക, രാഷ്ട്രീയ തുക്കടാ താല്പര്യങ്ങൾ മാത്രമാണുള്ളത്.
പിടിക്കുന്ന സ്വർണ്ണത്തിന് നികുതി അടച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ! പിടിക്കാത്ത സ്വർണത്തിന്റെ ലാഭത്തിൽ ഒരു ശതമാനം മാറ്റിവച്ചാൽ ആ പ്രശ്നം തീരും. ഇത് ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷ പകരുന്ന കാര്യമാണെങ്കിലും കേരളത്തോട് ഒരു വിവേചനം ഇല്ലേ എന്നൊരു സംശയം.
എൻ. ഐ. എ. യും ഈ. ഡി. യും കസ്റ്റംസുംമെല്ലാം സംസ്ഥാനം അരിച്ചുപെറുക്കുമ്പോഴും പതിവു കടത്തുകാർ യാതൊരു മുടക്കവും കൂടാതെ വിമാനത്താവളങ്ങളിലൂടെ തങ്ങളുടെ ജോലി തുടർന്നുകൊണ്ടാണിരുന്നത്. പത്തിരുപതു കിലോ പലപ്പോഴായി പിടിക്കുകയും ചെയ്തിരുന്നു. പതിവുപോലെ പിഴയോടുക്കി വാങ്ങിക്കൊണ്ട് പോവുകയും ചെയ്തിട്ടുണ്ടാവണം.
ഇങ്ങനെയുള്ള പതിവു കടത്തുകളിൽ രാജ്യദ്രോഹപരമായി എന്തെങ്കിലും ഉള്ളതായി കസ്റ്റംസിനോ, ഈ. ഡി. ക്കൊ എൻ. ഐ. എക്കോ തോന്നാത്തതെന്ത് എന്ന് ആരും ചോദിക്കുന്നില്ല.വിമാനത്താവളങ്ങൾ കേന്ദ്ര സർക്കാരിനു കീഴിലായതുകൊണ്ട് സംസ്ഥാന സർക്കാരിന് ഇതൊക്കെ നിസ്സഹായമായി നോക്കി നിൽക്കാനേ കഴിയൂ എന്നാണ് വിവരമുള്ളവർ പറഞ്ഞു കേട്ടത്. മര്യാദയുടെ പേരിൽ ഇടപെടാത്തതുമാകാം.
എന്നാൽ കേന്ദ്രത്തിനു കേരളത്തോട് ആ മര്യാദയുണ്ടായില്ല. പത്തോ പതിനാലോ കോടി രൂപയുടെ സ്വർണ്ണം യാതൊരു ദേശവിരുദ്ധ താല്പര്യങ്ങളുമില്ലാതെ, തികച്ചും ന്യായമായ ആവശ്യങ്ങൾക്കായി ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത നയതന്ത്ര വഴികളിലൂടെ ഇവിടെ എത്തിക്കാൻ ശ്രമിച്ചപ്പോൾ, അതിന് തടസമുണ്ടാക്കിയെന്നു മാത്രമല്ല, സംസ്ഥാന സർക്കാരിനെവരെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയും ചെയ്തുകളഞ്ഞു!
എല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും, സംസ്ഥാനങ്ങൾക്കും ചില്ലറ അവകാശങ്ങളും ആവശ്യങ്ങളുമൊക്കെയില്ലേ…? ജനങ്ങൾക്ക് ഇപ്പോൾ ഒറ്റ സംശയമേയുള്ളു: സാദാ സ്വർണ്ണക്കടത്തും നയതന്ത്ര സ്വർണ്ണക്കടത്തും തമ്മിലുള്ള വ്യത്യാസം കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ളതുപോലെയാണോ, അതോ….?
വാൽകഷ്ണം: നിലവിൽ, നയതന്ത്ര മാർഗത്തിലൂടെയുള്ളതും സാദാ മാർഗത്തിലുള്ളതും രാജ്യദ്രോഹപരം ആണെന്ന് എൻ. ഐ. എ. ക്ക് അഭിപ്രായമില്ലെങ്കിൽ, പിന്നെ എന്തിനായിരുന്നൂ ഈ പൊല്ലാപ്പെല്ലാം എന്ന് ആർക്കറിയാം!
ഫാ .വർഗീസ് വള്ളിക്കാട്ട്