
” ഈ ലോകത്ത് രണ്ട് തരം ആളുകളേ ഉള്ളൂ, ഒരാൾ എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കണ്ടെത്തുന്നു, അടുത്തയാൾ എല്ലാ ബുദ്ധിമുട്ടുകളിലും അവസരങ്ങൾ കണ്ടെത്തുന്നു ” |നിങ്ങളുടേതാണ് മാത്രമാണ് തീരുമാനം .
നമുക്കെല്ലാവർക്കും അറിയാവുന്ന വ്യവസായ പ്രമുഖൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി സർ എഴുതിയ പലപ്പോഴും ഞാനെന്റെ മന്ത്രമായി ഉരുവിടുന്ന വരികൾ ഇതാണ് .. ” ഈ ലോകത്ത് രണ്ട് തരം ആളുകളേ ഉള്ളൂ, ഒരാൾ എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കണ്ടെത്തുന്നു, അടുത്തയാൾ എല്ലാ ബുദ്ധിമുട്ടുകളിലും അവസരങ്ങൾ കണ്ടെത്തുന്നു ” . ഒരാവശ്യത്തിനുവേണ്ടി കൊച്ചൗസേഫ് സാറുമായി ഇന്നലെ സംസാരിക്കുമ്പോൾ പോലും അദ്ദേഹത്തോടുള്ള അദ്ദേഹത്തിന്റെ എഴുത്തിനോടുള്ള എന്റെ ആരാധന പങ്കുവെച്ചിരുന്നു .
അടുത്ത കാലത്ത് നല്ല വിദ്യാഭ്യാസമുള്ള അതും ഫിഷറീസിൽ ബിരുദമുള്ള നാല് കുട്ടികളെ വിദേശവിപണിയിൽ വലിയ പേരുള്ള ആന്ധ്രാപ്രദേശിലെ മത്സ്യ സംസ്ക്കരണ ഫാക്ടറിയിലേക്ക് എന്റെ നിർദ്ദേശപ്രകാരം മൂന്നു മാസത്തെ ട്രൈനിങ്ങിന് അയച്ചിരുന്നു. തുടക്കത്തിൽ സൗജന്യ താമസം ഭക്ഷണം പിന്നെ പതിനഞ്ചായിരം രൂപ മാസം സ്റ്റൈപെൻഡ് . ട്രെയിനിങ് കഴിഞ്ഞാൽ നല്ല ശമ്പളത്തിൽ അവർക്ക് ജോലിയിൽ തുടരാമായിരുന്നു.. പക്ഷെ നാലുപേരും ഒരു മാസം പോലും പൂർത്തിയാക്കാതെ ഓരോരോ കാരണങ്ങളുമായി ഓരോരുത്തരായി നാട്ടിലേക്ക് വണ്ടികയറി ….!
എറണാകുളത്തുള്ള എന്റെ ഹോട്ടലുകളിലെ ഫ്രണ്ട് ഓഫീസിൽ ജോലിക്ക് ആളുകളെ എടുക്കാനുള്ള കൂടിക്കാഴ്ചകളിൽ ചെറുപ്പക്കാരായ ചില ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബോഡി ലാംഗ്വേജ് നോക്കിയാൽ മാത്രം മതിയാകും ജോലി ചെയ്യാനുള്ള അവരുടെ ‘ വിഷമം ‘ ശരിക്കും ബോധ്യമാകാൻ…! ” സാറെ ജോലിസമയം ലീവ് പറയാമോ ..? ജോലിസ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാമോ ? ശമ്പളം ഇൻസെന്റീവ്‌സ് ബോണസ് മെഡിക്കൽ ഇൻഷുറൻസ് അതിനുപുറമെ വേറെ എന്തെങ്കിലും കിട്ടുമോ ..” അവരുടെ അവകാശമാണ് , പതിവു പല്ലവിയാണ് …. !
കഷ്ടപെടാതെ ജോലിചെയ്യാതെ മുന്നോട്ടുള്ള ജീവിതയാത്ര ദുഷ്കരമാകും എന്നതിൽ തർക്കമില്ല. ഏതൊരു കച്ചവടത്തിനും ലാഭമില്ലാതെ ചിലവുകൾ വഹിക്കാൻ ബുദ്ധിമുട്ടുകൾ ഏറെയാണ് . ചെറുതായാലും വലുതായാലും ഏതൊരു പ്രസ്ഥാനത്തിനും ആത്മാർഥമായി ജോലിചെയ്യുന്ന ആളുകൾ ഇല്ലെങ്കിൽ അടച്ചുപൂട്ടൽ സുനിശ്ചയം .. ! കൊച്ചൗസേഫ് സാറിന്റെ വരികളെ ഞങ്ങളുടെ നാട്ടു ഭാഷയിൽ , മഴ കൊള്ളാതെ പണിക്കു പോകുന്ന പടത്തിലെ ചേട്ടൻ പറഞ്ഞാൽ ” അരി വാങ്ങണമെങ്കിൽ പണിയെടുക്കണം , പിന്നെ മത്തായിക്ക് ഇതൊക്കെ …. …” എന്നാവും.. ! വെയിലായാലും മഞ്ഞായാലും മഴയായാലും പണിയെടുത്താൽ അന്തസ്സായി തല ഉയർത്തിപ്പിടിച്ച് സന്തോഷത്തോടെ ജീവിക്കാമെന്നുറപ്പ് .
” ഈ ലോകത്ത് രണ്ട് തരം ആളുകളേ ഉള്ളൂ, ഒരാൾ എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കണ്ടെത്തുന്നു, അടുത്തയാൾ എല്ലാ ബുദ്ധിമുട്ടുകളിലും അവസരങ്ങൾ കണ്ടെത്തുന്നു ” നിങ്ങളുടേതാണ് മാത്രമാണ് തീരുമാനം .
ജോളി ജോസഫ്