
… “ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍…”
വത്തിക്കാനിലെ സ്വിസ് ഗാർഡും ഇന്ത്യൻ പതാകയും പിന്നെ ഞാനും..
.കഴിഞ്ഞ ജൂൺ 30 ന് അതിരാവിലെ എണീറ്റ് വത്തിക്കാൻ്റെ മുമ്പിൽ മണിക്കൂറുകൾ ക്യൂ നിന്ന് വളരെ കഷ്ടപ്പെട്ടാണ് ഫ്രാൻസിസ് പാപ്പ ബുധനാഴ്ചകളിൽ നടത്തുന്ന പൊതു കൂടിക്കാഴ്ച്ചയിൽ ഒരിടം സംഘടിപ്പിച്ചത്… കോൺഫറൻസിന് മുമ്പ് ഫ്രാൻസിസ് പാപ്പാ ജനങ്ങളുടെ മധ്യത്തിലേക്ക് ഇറങ്ങിവരികയും പറ്റുന്നവരെ എല്ലാം അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്യുക പതിവാണ്. പാപ്പാ വരുവാൻ ഇനിയും ഒരു മണിക്കൂറോളം സമയമുണ്ട്. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോഴാണ് എതിർവശത്ത് അല്പം അകലെയായി ഹൈദരാബാദിൽ നിന്നുള്ള അച്ചന്മാർ ഇന്ത്യൻ പതാകയുമായി നിൽക്കുന്നത് കണ്ടത്.

കളിക്കളത്തിൽ ആയിരുന്നപ്പോൾ സ്കൂൾ നാഷണൽ മീറ്റിന് പോകുന്നതിന് മുമ്പുള്ള ക്യാമ്പിൽ സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് ഗബ്രിയേൽ സാർ എന്നും അതിരാവിലെ ഞങ്ങൾ കായിക താരങ്ങളെ കൊണ്ട് ഏറ്റു പറയിപ്പിച്ചിരുന്ന രണ്ട് വരികളാണ് ഓർമയിലേക്ക് ഓടിയെത്തിയത്… “ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍…”
ഇന്ത്യൻ പതാക കണ്ടുകഴിഞ്ഞപ്പോൾ ആ പതാക ഒന്ന് കൈകളിൽ പിടിക്കണം എന്നൊരു അതിമോഹം.. അച്ചന്മാരോട് ചോദിച്ചപ്പോൾ അവർ തരാം എന്നു പറഞ്ഞു. പക്ഷേ ഞങ്ങൾ തമ്മിൽ കുറഞ്ഞത് ഒരു 20 മീറ്റർ അകലമുണ്ട്. ദേശീയ പതാക ആയതിനാൽ എറിഞ്ഞു തരാനും പറ്റില്ലല്ലോ. എന്ത് ചെയ്യാൻ..? ഒരു രക്ഷയുമില്ല. എന്തെങ്കിലും ഒരു വഴി കണ്ടെത്താനായി ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ അതാ തൊട്ട് അടുത്ത് നിൽക്കുന്നു, ഒരു സ്വിസ് ഗാർഡ്.

പിന്നെ ഒന്നും ചിന്തിച്ചില്ല. രണ്ടും കൽപ്പിച്ച് സ്വിസ് ഗാർഡിനോട് സഹായം ചോദിച്ചു. ആ അച്ചന്മാരുടെ കൈകളിൽ നിന്ന് ആ പതാക ഒന്ന് മേടിച്ച് എനിക്ക് കൊണ്ട് തരാമോ..? സ്വിസ് ഗാർഡ് ഒരു ചെറുപുഞ്ചിരിയോടെ അതിലേറെ കൗതുകത്തോടെ എന്നോട് ചോദിച്ചു. ‘അത് സിസ്റ്ററിന് എന്തിനാ..?’ ‘അത് ഇന്ത്യൻ പതാകയാണ്, ഞാൻ ഒരു ഇന്ത്യക്കാരിയാണ്’ എന്ന് ഞാൻ മറുപടി കൊടുത്തു. പാവം സ്വിസ് ഗാർഡ് അദ്ദേഹത്തിൻ്റെ തിരക്ക് കഴിഞ്ഞപ്പോൾ പതിയെ മുന്നോട്ട് പോയി അച്ചന്മാരുടെ കൈകളിൽ ഇരുന്ന പതാക മേടിച്ച് എനിക്ക് കൊണ്ടു തന്നു. കുറച്ചുനേരം ഇന്ത്യൻ പതാക കൈകളിൽ പിടിച്ച് മറ്റ് രാജ്യക്കാരുടെ പതാകയോടൊപ്പം ഒന്ന് വീശിയപ്പോൾ ഒരു ആത്മസംതൃപ്തി.
ഫ്രാൻസിസ് പാപ്പ ജനമധ്യത്തിലേക്ക് ഇറങ്ങുന്നതിനുമുമ്പ് ഇന്ത്യൻ പതാക തിരികെ അച്ചന്മാർക്ക് തന്നെ കൊടുക്കണം. ചെറിയ ഒരു ഉൾഭയത്തോടെ വീണ്ടും സ്വിസ് ഗാർഡിനോട് സഹായം അഭ്യർത്ഥിച്ചു. ഒരു കന്യാസ്ത്രീയുടെ ദേശസ്നേഹത്തിന് മുന്നിൽ പാവം സ്വിസ് ഗാർഡ് ക്ഷമയോടെ വീണ്ടും എൻ്റെ കയ്യിൽ നിന്ന് ഇന്ത്യൻ പതാക തിരികെ മേടിച്ച് അകലെ നിൽക്കുന്ന അച്ചന്മാരെ ലക്ഷ്യമാക്കി നടന്നു… ഒരു സ്വിസ് ഗാർഡിന് എത്രമാത്രം ക്ഷമയുണ്ട് എന്ന ചെറിയ ഒരു പരീക്ഷണത്തിൽ അദ്ദേഹം വിജയിച്ചു.

പരി. കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെയും ആശംസകൾ ഏവർക്കും സ്നേഹപൂർവ്വം നേരുന്നു…
സി. സോണിയ തെരേസ്