ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ പെൺകരുത്ത്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.ആർ.ഗൗരിയമ്മയുടെ ദേഹവിയോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ പെൺകരുത്തായിരുന്നു. യഥാർത്ഥ പോരാളിയായിരുന്നു അവർ. സ്ത്രീകൾക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയൻ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഇടം ഉറപ്പിക്കുന്നത്.
കാര്‍ഷിക പരിഷ്കരണ നിയമം, കുടിയൊഴിപ്പിക്കൽ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, വനിതാ കമ്മീഷൻ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക അന്തരീക്ഷത്തിന്റെ തലവര മാറ്റിയെഴുതുന്ന ഒട്ടേറെ പ്രസക്തമായ ഇടപെടലുകൾക്ക് ഗൗരിയമ്മ മന്ത്രിയായ പോൾ തുടക്കമിട്ടു.
കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത അവർ മികച്ച ഒരു ഭരണാധികാരിയാണെന്ന് തെളിയിച്ചിട്ടുണ്ട്. 11 തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഗൗരിയമ്മയുടെ ജനപിന്തുണയുടെ തെളിവാണ്. കേരള മുഖ്യമന്ത്രിവരെ ആയേക്കാമെന്ന് കരുതപ്പെട്ട വനിതാ നേതാവായിരുന്നു അവർ. രണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കിടയിലെ പോരിൽ അവരുടെ ദാമ്പത്യ ജീവിതം ഇല്ലാതായത് മലയാളികൾക്ക് ഇന്നും ഒരു നൊമ്പരമാണ്. അവസാനം സ്വന്തം പാർട്ടി ഒരു കറിവേപ്പില പോലെ പുറത്താക്കിയിട്ടും അവർ ഒറ്റയ്ക്ക് പൊരുതി. ജെഎസ്എസ് എന്ന പാർട്ടി രൂപീകരിച്ചു. ജീവിതം മുഴുവൻ സമരമാക്കി മാറ്റിയ ഗൗരിയമ്മയുടെ മരണത്തിൽ അവരുടെ സഹപ്രവർത്തകരുടെ ദുഖത്തിൽ പങ്കാളിയാവുന്നതായും സുരേന്ദ്രൻ പറഞ്ഞു.