വി.ജെ.കുര്യൻ |നെടുമ്പശ്ശേരി വിമാനത്താവളം |സിയാലിന്റെ പടിയിറങ്ങുന്ന രാജശില്പി,അങ്ങേക്ക് കേരളത്തിന്റെ അഭിവാദനം.

Share News

ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വിമാനത്താവളം പണിയാൻ വന്നവന് 1993-ൽ ജോസ് മാളിയേക്കൽ എന്ന ജർമൻ പ്രവാസി ആദ്യമായി വച്ചുകൊടുത്ത തുക 20,000 രൂപ- ഇരുകണ്ണിലും മുത്തി ഏറ്റുവാങ്ങിയ വിറപൂണ്ട അതേ കയ്യുകൾ 2018-ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി അവാർഡായ ചാമ്പ്യൻ ഓഫ് ദി എർത്ത് ഏറ്റ് വാങ്ങിയപ്പോൾ വിറച്ചിരിക്കുമോ?….

പറയാനാവില്ല, ആർക്കും പറയാനാവില്ല വി.ജെ.കുരിയന്റെ മനസ്സ് പോയ വഴികൾ.സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമ്പോഴും ആർക്കും പിടി കൊടുക്കാതിരുന്നവൻ.

കൊച്ചി രാജാവ് പണിതതും പിന്നീട് നേവി ഏറ്റെടുത്തതുമായ കൊച്ചി വില്ലിങ്ടൺ ഐലണ്ടിലെ ഒരു കൊച്ചു വിമാനത്താവളം. 1980-ൽ ഗൾഫ് ബൂം വന്നു.

പതിനായിരക്കണക്കിന് മലയാളികൾ അവരുടെ നെഞ്ചിടിപ്പും അമർത്തി പിടിച്ചു പറന്നത് ബോംബെയിലെ വിമാനത്താവളത്തിൽ നിന്ന്. ട്രാവൽ ഏജൻസികളും ബോംബെയിൽ. ആയിരക്കണക്കിന് ആളുകൾ അവിടെ തട്ടിപ്പുകൾക്ക് ഇരയായി.

നൂറുകണക്കിന് ആളുകൾക്ക് ജീവിതം എന്നേക്കുമായി നഷ്ട്ടപ്പെട്ടു. അപ്പോഴാണ് കൊച്ചിയിൽ ഒരു സിവിൽ വിമാനത്താവളം ആവശ്യമായി വന്നത്. നേവിയുടെ വിമാനത്താവളത്തിൽ പണം മുടക്കില്ലെന്ന് എയർപോർട്ട്‌ അതോറിറ്റി.സ്ഥലം കണ്ടു പിടിക്കാൻ ആവശ്യപ്പെടുന്നു കേന്ദ്ര മന്ത്രി മാധവറാവുസിന്ധ്യ.

സർവീസിൽ വന്നിട്ട് കേവലം പത്തു കൊല്ലം മാത്രമായ എറണാകുളം കലക്ടർ വിജെ.കുരിയനെ ചുമതല ഏൽപ്പിക്കുന്നു മുഖ്യമന്ത്രി കരുണാകരൻ.നെടുമ്പാശ്ശേരി മതി എന്ന്‌ ധരണയാവുന്നു. സ്ഥലം ശരിയായപ്പോൾ എയർ പോർട്ട്‌ അതോറിറ്റി പറയുന്നു, കാശില്ല, ടെക്നിക്കൽ സപ്പോർട്ട് മാത്രം തരാം. എന്ത് ചെയ്യുമെന്ന് ചോദിച്ച മുഖ്യമന്ത്രി കരുണകരനോട് കുര്യൻ പറഞ്ഞു, ചാരിറ്റബിൾ സൊസൈറ്റി ഉണ്ടാക്കി പണം പിരിക്കാം. സർക്കാരും പ്രവാസികളും പൊതു /സ്വകാര്യ സ്ഥാപനങ്ങളും കച്ചവടക്കാരും പണം തന്നാൽ…….ചുരുക്കത്തിൽ തെണ്ടൽ തന്നെ.

കരുണക്കാരന് ഐഡിയ കത്തി. പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ച് എത്ര സമ്മേളനങ്ങൾ നടത്തിയ ആളാണ്. വിമാന താവളം വന്നേതീരു. പിന്നോട്ടില്ല.ഒട്ടും വൈകാതെ ഒരു ചാരിറ്റബിൾ സൊസൈറ്റി ഉണ്ടാക്കുന്നു. ആളുകളെ കണ്ട് കുര്യൻ പണം പിരിക്കണം. വേണ്ട ശുപാർശകൾ മുഖ്യമന്ത്രി ചെയ്യും.

കൊച്ചി മറൈൻ ഡ്രൈവിൽ ജിസിഡിഎ ഒരു കൊച്ചു മുറി ഓഫിസിനായി കൊടുത്തു. എറണാകുളം ചേംബർ ഓഫ് കോമേഴ്‌സ് മേശയും കസേരയും അലമാരയും നൽകി.

കൊച്ചി ചേംബർ ഓഫ് കോമേഴ്‌സ് ഒരു കമ്പ്യൂട്ടറും വ്യാപാരി വ്യവസായി സമിതി ഒരു ഫാക്സ് മെഷീനും കൊടുത്തു.അവിടേക്കാണ് ആദ്യ തുക ,20,000 രൂപ, ജോസ് മാളിയേക്കൽ നൽകുന്നത്.ബാക്കിയൊക്കെ ചരിത്രം.

എയർ പോർട്ടുണ്ടാക്കാൻ എത്ര വിമാനത്താവളങ്ങളിൽ പോയി ഏതെല്ലാം മാതൃകകൾ കണ്ടു, എന്തെല്ലാം കടമ്പകൾ കടന്നു…. എത്ര കേസുകൾ, സമരങ്ങൾ……ഒരു സാധാരണ മനുഷ്യനായിരുന്നുവെങ്കിൽ സമ്മർദ്ദം കൊണ്ട് പൊട്ടി തെറിച്ചു പോവുമായിരുന്നു എന്ന്‌ തീർച്ച.

മുൻപരിചയമില്ലാതെ, മാതൃകകൾ ഇല്ലാതെ, ചീഞ്ഞളിഞ്ഞ മണ്ണിൽ ശൂന്യതയിൽ നിന്ന് കുര്യൻ കേരളത്തിന്റെ അഭിമാന സ്തംഭം പണിതുയർത്തി.പണി തീർന്നപ്പോൾ ലോകബാങ്ക് മുതൽ ഹാവാർഡ് യൂണിവേഴ്സിറ്റി വരെ അതിന്റെ മാതൃക പഠന വിധേയമാക്കി.

അതിനെ ചൂണ്ടി ഐക്യരാഷ്ട്ര സഭ ലോകത്തോട് പറഞ്ഞു,ഇതാ ആഗോള താപനത്തിനു വ്യവയായ ലോകത്തിന്റെ മറുപടിയുടെ മാതൃക.അവരോടൊക്കെ കുര്യൻ സംസാരിച്ചു. ഒന്നും പരസ്യപെടുത്താതെ, മാധ്യമങ്ങളെ വിളിച്ച് കൂട്ടിരുത്താതെ.

നെടുമ്പശേരി വിമാനത്താവളത്തിന്റെ ചരിത്രം പുസ്തകമാക്കപ്പെടേണ്ടതാണ്. അതിനായി ഹോമിച്ച കുര്യന്റെ ജീവിതവും.വേണ്ട വണ്ണം എഴുതിയാൽ അത് മലയാളത്തിലെ എക്കാലത്തെയും വലിയ ബെസ്റ്റ് സെല്ലർ ആവും എന്നതിൽ തർക്കമില്ല. ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും പല നിലകളിൽ ഉതകുന്ന പല വിതാനങ്ങൾ ഉള്ള ഒരു ഗ്രന്ഥം.’സിയാലിന്റെ കഥ – എന്റെയും’ എന്നോ ‘എന്റെ കഥ- സിയാലിന്റെയും’ എന്നോ ഉള്ള ശീർഷകം. കേരളം അത് പ്രതീക്ഷിക്കുന്നു.

ജോൺ എബ്രഹാം ജനങ്ങളോട് തെണ്ടി കാശുണ്ടാക്കി ഒഡേസ്സയിലൂടെ അമ്മയറിയാൻ നിർമ്മിച്ചപ്പോൾ നാം അത് ആഘോഷമാക്കി. വി.ജെ.കുര്യൻ പലയിടത്തും തെണ്ടി നെടുമ്പശ്ശേരി വിമാനത്താവളം ഉണ്ടാക്കിയത് ആഘോഷിക്കപ്പെടുന്നേയില്ല.

കലാകാരൻ, അയാൾ എ.അയ്യപ്പൻ ആകട്ടെ എം.ടി. വാസുദേവൻ നായരാകട്ടെ, ജോൺ എബ്രഹാം ആകട്ടെ പ്രിയദർശൻ ആകട്ടെ, ദന്ത ഗോപുരത്തിലാണ് വാസം. ജനങ്ങൾ പണിത ദന്തഗോപുരത്തിൽ.എന്നാൽ വി.ജെ.കുര്യനെ പോലുള്ള രാജശിൽപ്പികൾക്ക് കേരളത്തിൽ കുടിലിൽ ആണ് സ്ഥാനം

സാംസ്‌കാരിക കേരളത്താൽ സ്മരിക്കപ്പെടാതെ, ആദരിക്കപ്പെടാതെ സിയാലിന്റെ പടിയിറങ്ങുന്ന രാജശില്പി,അങ്ങേക്ക് കേരളത്തിന്റെ അഭിവാദനം. കേരളം അങ്ങയോട് എന്നും കടപ്പെട്ടിരിക്കും. പ്രവാസികളുടെ നന്ദിയും കടപ്പാടും. ദൈവം അങ്ങേയെ ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

🙏കടപ്പാട് ഷാജി പറവൂർ.🙏

ഉറച്ച ദൈവ വിശ്വാസിയും നല്ല കർഷകനും ആണ് V. J കുര്യൻ 🙏 ആരുടെയും ഒരു കുറ്റവും പറയാതെ നിശബ്ദമായി ജോലി ചെയ്തു, കേരളത്തെ, പ്രവാസി ലോകത്തെ ഏറ്റവും അധികം സഹായിച്ച ഒരു മനുഷ്യൻ

nammude-naadu-logo
Share News