ഭാവിയിലെ ബ്രഹ്മപുരം|ഇനി തുടർന്നുള്ള മാലിന്യശേഖരണവും, സംസ്കരണവും എന്ത് ചെയ്യും?

Share News

ഭാവിയിലെ ബ്രഹ്മപുരം——————-

-നൂറേക്കറിന് മുകളിലുണ്ട് ബ്രഹ്മപുരം മാലിന്യ പ്ലാൻറ് എന്നത് പുതിയ അറിവായിരുന്നു, അതും കൊച്ചിയിലെ ഏറ്റവും പ്രൈം ലോക്കേഷനുകളിൽ ഒന്ന്. ഇൻഫോ പാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും തൊട്ടരികെ കടമ്പ്രയാറും, ചിത്രപ്പുഴയും കൂട്ടി മുട്ടുന്ന മനോഹരമായ തീരത്തെ പ്രൈം ലൊക്കേഷൻ.

പണ്ട് ആദ്യ ഗോശ്രീ പാലം പണുത ചന്ദ്രമോഹൻ സാറിന്റെ കീഴിൽ ബിടെക് പ്രൊജക്ട് ചെയ്തപ്പോൾ സാറു പറഞ്ഞ് അറിയാം ഗോശ്രീ പാലം പണുത കഥ. വൈപ്പിൻ കരയെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലം(ങ്ങൾ) പണിയാൻ അന്ന് ഗവൺമെൻറിന്റെ കൈയ്യിൽ പണമില്ല. അപ്പോഴാണ് ജിഡ (GIDA) ആശയം മുന്നോട്ട് വച്ചത്.

എറണാകുളത്ത് പാലമെത്തുന്ന സ്ഥലത്ത് അൽപം കായൽ നികത്തുക. ആ സ്ഥലം വിറ്റ് കിട്ടുന്ന പൈസകൊണ്ട് പാലം പണിയുക. ഐഡിയ പാസായി. പാലം പണുതു.

ബ്രഹ്മപുരത്തെ നൂറേക്കർ കോർപ്പറേഷന്റെ സ്വന്തം സ്ഥലമാണ്. അതങ്ങ് വിൽക്കണം, കാശാക്കണം. മെട്രോയും, വാട്ടർ മെട്രോയും, കെ റെയിൽ ഉണ്ടെങ്കിൽ അതും സന്ധിക്കുന്ന ആ പ്രദേശം ഒരു പ്രൈം ടൗൺഷിപ്പോ, ഹൗസിങ്ങ് കോംപ്ലക്സോ, അല്ലെങ്കിൽ ഇൻഫോ പാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും എക്സ്റ്റൻഷനായ ഒരു ഐ ടി – ഫിൻ ഹബ്ബായോ അതങ്ങ് മാറ്റണം.

അപ്പോൾ മാലിന്യമെന്ത് ചെയ്യും?

ഇത്തരമൊരു പ്രൈം ഡെവലപ്പ്മെൻറ് വരുമ്പോൾ അത് വൃത്തിയായി ക്ലീൻ ചെയ്യേണ്ടി വരും. ബയോമൈനിങ്ങോ അതിനേക്കാൾ മെച്ചമായതോ ആയ സാങ്കേതിക വിദ്യ കൊണ്ടോ അത് നടത്തണം.മേടിക്കുന്നവന്റെ ഉത്തരവാദിത്വമാക്കി അത് വയ്ക്കണം. മോണിട്ടർ ചെയ്യാൻ ഹൈക്കോടതി തന്നെ ഒരു കമ്മറ്റി വയ്ക്കട്ടെ.

ഇനി തുടർന്നുള്ള മാലിന്യശേഖരണവും, സംസ്കരണവും എന്ത് ചെയ്യും?

കേരളത്തിൽ കൊച്ചിയിൽ മാത്രമേ ഇത്തരം കേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകയുള്ളൂ. അത് ഒരു പരിഹാരമല്ലെന്ന് ഇതിനോടകം മനസ്സിലായി കഴിഞ്ഞല്ലോ. വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകകൾ പലതുണ്ട്. ആലപ്പുഴ, തിരുവനന്തപുരം നഗരസഭകൾ അത് ഒരു പരിധിവരെ പരീക്ഷിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. കൊച്ചി സ്മാർട്ട് മിഷനിലെ വിദഗ്ദർ നേരത്തേ തന്നെ എന്നോട് സൂചിപ്പിച്ചത് അതിനുള്ള മാർഗ്ഗങ്ങൾ അവർക്കറിയാമെന്നാണ്; നടപ്പാക്കാനുള്ള പണവും, ഇഛാശക്തിയും ഇല്ലെന്ന് മാത്രം.പണത്തിന്റെ പ്രശ്നം തീർത്തു തന്നല്ലോ. നൂറേക്കർ വിറ്റ് അത് കണ്ടെത്തുക, ഗോശ്രീ പാലം പണുത പോലെ അതു നടക്കും.

ഇച്ഛാശക്തി! ഒരു പക്ഷെ സർക്കാരിന്റെയും നഗരസഭയുടെയും പിന്തുണയോടെ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഒരു നിഷ്പക്ഷ സമിതി അത് നടത്തട്ടെ, സ്ഥലത്തിന്റെ വില്പനയും വികേന്ദ്രികൃത പദ്ധതിയുടെ നടത്തിപ്പും. ഹൈക്കോടതി തന്നെ ആ സമിതിയെ തിരഞ്ഞെടുക്കട്ടെ. ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടാവില്ല, തിരഞ്ഞെടുപ്പിലും, നടത്തിപ്പിലുമെന്ന്, രാഷ്ട്രീയക്കാരും സർക്കാരും തീരുമാനിക്കണം. ജനം ആ ഉറപ്പ് പിടിച്ച് വാങ്ങണം.

അതാണ് ഇച്ഛാശക്തി.അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.

ഫാ ജൈസൺ പോൾ മുളേരിക്കൽ സി എം ഐ

10/03/23

Share News