
“രാത്രിയിൽ ഉറങ്ങുന്നത് നമ്മൾ മാത്രം ആണോ?”|Dr Arun Oommen
“രാത്രിയിൽ ഉറങ്ങുന്നത് നമ്മൾ മാത്രം ആണോ?”
കാലുകൾ നടക്കുന്നു…വായ സംസാരിക്കുന്നു…
പല്ലുകൾ “ജിം” ചെയ്യുന്നു…
ചിലപ്പോൾ ശ്വാസം പോലും നിലയ്ക്കുന്നു!
നമ്മൾ ഉറങ്ങുമ്പോൾ… നമ്മുടെ ശരീരത്തിൽ ശരിക്കും എന്താണ് സംഭവിക്കുന്നത്?
ഉറക്കത്തിന്റെ ഈ വിചിത്ര ലോകത്തിന് പിന്നിലെ ശാസ്ത്രം അറിയാം…

***
“ഇന്നലെ രാത്രി നീ എന്തൊക്കെയാണ് പറഞ്ഞത്?”
“അയ്യോ… എനിക്കൊന്നും ഓർമ്മയില്ല!”
ഉറക്കം എന്നത് കണ്ണടച്ച് കിടക്കുക മാത്രമല്ല.
നമ്മൾ ഉറങ്ങുമ്പോഴും തലച്ചോറും ശരീരവും അവരുടെ നൈറ്റ് ഷിഫ്റ്റിലാണ്!
ശ്വാസം, ഹൃദയമിടിപ്പ്, മസ്തിഷ്ക പ്രവർത്തനം, പേശികളുടെ പ്രവർത്തനം എന്നിവ ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു.
ഈ സങ്കീർണ്ണമായ ഉറക്കപ്രക്രിയയിൽ താളം തെറ്റുമ്പോഴാണ് — ഉറക്കവുമായി ബന്ധപ്പെട്ട രോഗാവസ്ഥകൾ (Sleep Disorders) ഉണ്ടാകുന്നത്.
ചിലത് വെറും ശല്യം… ചിലത് അപകടസാധ്യത… ചിലത് മറ്റൊരു രോഗത്തിന്റെ മുന്നറിയിപ്പ്!
പരിചയപ്പെടാം ഉറക്കത്തിന്റെ വിചിത്ര ലോകത്തിലെ ചില പ്രധാന പ്രശ്നങ്ങളെ…

1. ഉറക്കമില്ലായ്മ — ഇൻസോംനിയ (Insomnia)
കിടക്കയിൽ കിടന്നു…
“ഇനി ഉറങ്ങണം…”
5 മിനിറ്റ് കഴിഞ്ഞു…
“നാളെ ചെയ്യാനുള്ള കാര്യങ്ങൾ എന്തൊക്കെയായിരുന്നു?”
അങ്ങനെ ചിന്തിച്ചും തിരിഞ്ഞും മറിഞ്ഞും കിടന്ന്… പുലർച്ചെ!
ഉറങ്ങാൻ തുടങ്ങാൻ ബുദ്ധിമുട്ട്, രാത്രിയിൽ പലതവണ ഉണരുക, അല്ലെങ്കിൽ നേരത്തെ ഉണർന്ന് വീണ്ടും ഉറങ്ങാൻ കഴിയാതിരിക്കുക എന്നിവ ഇൻസോംനിയയുടെ പ്രധാന ലക്ഷണങ്ങളാണ്.
എന്നാൽ “എത്ര മണിക്കൂർ ഉറങ്ങി?” എന്നത് മാത്രമല്ല പ്രധാനം. ഉറക്കക്കുറവ് നമ്മുടെ പകൽ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നതും പ്രധാനമാണ്. തുടർച്ചയായ ഇൻസോംനിയ ശ്രദ്ധ, ഓർമ്മ, മാനസികാവസ്ഥ, പ്രവർത്തനക്ഷമത എന്നിവയെ ബാധിക്കാം.
ഉറക്കം വരാത്തത് മാത്രം പ്രശ്നമല്ല… ഉറക്കക്കുറവ് ജീവിതത്തെ ബാധിക്കാൻ തുടങ്ങുമ്പോഴാണ് അത് ഗൗരവമായി കാണേണ്ടത്.
2. പകൽ നിയന്ത്രിക്കാനാകാത്ത ഉറക്കം — നാർക്കൊലെപ്സി (Narcolepsy)
പകൽ ഉറക്കം വരുന്നത് സാധാരണമാണ്. പക്ഷേ നിയന്ത്രിക്കാനാകാത്ത ഉറക്കം വന്നാലോ?
നാർക്കൊലെപ്സി ഉള്ളവരിൽ പകൽ സമയത്ത് അമിതമായ ഉറക്കപ്രവണത ഉണ്ടാകുകയും, ചിലപ്പോൾ പെട്ടെന്ന് ഉറങ്ങിപ്പോകുകയും ചെയ്യാം.
സംസാരിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും, ജോലി ചെയ്യുമ്പോഴും പോലും ഉറക്കം പെട്ടെന്ന് സംഭവിക്കാം.
ചിലരിൽ കാറ്റപ്ലെക്സി (Cataplexy) എന്ന അവസ്ഥയും ഉണ്ടാകാം. ചിരി, ആവേശം, കോപം തുടങ്ങിയ ശക്തമായ വികാരങ്ങൾക്കിടെ പേശികളുടെ ശക്തി പെട്ടെന്ന് കുറയുന്നതാണ് കാറ്റപ്ലെക്സി.
ഇത് മടിയുടെയോ അലസതയുടെയോ ലക്ഷണമല്ല. തലച്ചോറിലെ ഉറക്കം–ഉണർവ് നിയന്ത്രണത്തെ ബാധിക്കുന്ന ഒരു നാഡീവ്യൂഹ സംബന്ധമായ ഉറക്കരോഗമാണ് നാർക്കൊലെപ്സി.
3. ഉറക്കത്തിൽ ശ്വാസംതടസ്സപ്പെടൽ — ഒബ്സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയ (Obstructive Sleep Apnoea)
“കൂർക്കംവലി മാത്രമല്ലേ… എല്ലാവരും കൂർക്കംവലിക്കാറില്ലേ?”
അതെ, എല്ലാ കൂർക്കംവലിയും സ്ലീപ്പ് അപ്നിയയല്ല. ..പക്ഷേ ചിലപ്പോൾ കൂർക്കംവലി ശരീരം നൽകുന്ന ഒരു മുന്നറിയിപ്പ് ആയിരിക്കാം.
ഉച്ചത്തിലുള്ള കൂർക്കംവലി, ഉറക്കത്തിനിടെ ശ്വാസംമുട്ടുന്നതുപോലെ തോന്നൽ, ശ്വാസം ഇടയ്ക്കിടെ നിലയ്ക്കുന്നത്, രാവിലെ തലവേദന, പകൽ അമിതമായ ഉറക്കം തുടങ്ങിയവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
ഒബ്സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയയിൽ ഉറക്കത്തിനിടെ മേൽശ്വാസനാളം ആവർത്തിച്ച് ചുരുങ്ങുകയോ അടയുകയോ ചെയ്യുന്നു. ഇതുമൂലം ശ്വാസപ്രവാഹം കുറയുകയോ താൽക്കാലികമായി നിലയ്ക്കുകയോ ചെയ്യാം. അതിന്റെ ഫലമായി രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ഉറക്കം ആവർത്തിച്ച് തടസ്സപ്പെടുകയും ചെയ്യാം.
4. ഉറക്കത്തിൽ നടക്കുക — സോംനാംബുലിസം (Somnambulism / Sleepwalking)
ശരീരം ഉറങ്ങുന്നു… പക്ഷേ കാലുകൾക്ക് സ്വന്തം പ്ലാൻ!
ഉറക്കത്തിനിടെ കിടക്കയിൽ നിന്ന് എഴുന്നേറ്റ് നടക്കുക, സംസാരിക്കുക, വാതിൽ തുറക്കുക തുടങ്ങിയ പെരുമാറ്റങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ് സോംനാംബുലിസം — ഉറക്കനടത്തം.
ഇത് കൂടുതലായി ആഴത്തിലുള്ള NREM ഉറക്കത്തിനിടയിലാണ് സംഭവിക്കുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്.
രസകരമായി തോന്നിയാലും ഇത് അപകടരഹിതമല്ല. വീഴ്ച, പടിയിൽ നിന്ന് താഴേക്ക് വീഴൽ, പുറത്തേക്ക് ഇറങ്ങിപ്പോകൽ തുടങ്ങിയ അപകടങ്ങൾ സംഭവിക്കാം.
അതിനാൽ സോംനാംബുലിസം ഉള്ളവരുടെ ഉറക്കമുറിയും ചുറ്റുപാടുകളും സുരക്ഷിതമാക്കുന്നത് വളരെ പ്രധാനമാണ്.
5. ഉറക്കത്തിൽ സംസാരിക്കുക — സോംനിലോക്വി (Somniloquy / Sleep Talking)
“നീ ഇന്നലെ രാത്രി ആരോടാണ് വഴക്കിട്ടത്?”
“ഞാനോ? ഞാൻ ഉറങ്ങുകയായിരുന്നല്ലോ!”
ഉറക്കത്തിനിടെ അറിയാതെ സംസാരിക്കുന്നതാണ് സോംനിലോക്വി — ഉറക്കസംസാരം.
ചിലർ ഒന്നോ രണ്ടോ വാക്കുകൾ മാത്രം പറയും.. ചിലർ ഉറക്കത്തിൽ തന്നെ ഒരു മുഴുവൻ പ്രസംഗം നടത്തും!
പലപ്പോഴും ഇത് ഗുരുതരമായ പ്രശ്നമല്ല.
പതിവായി സംഭവിക്കുകയോ, മറ്റ് അസാധാരണ ഉറക്ക പെരുമാറ്റങ്ങളോടൊപ്പം ഉണ്ടാകുകയോ ചെയ്താൽ വിദഗ്ധ വിലയിരുത്തൽ ആവശ്യമായി വരാം.
പിന്നെ ഒരു കാര്യം…
ഉറക്കത്തിൽ പറഞ്ഞ ഓരോ വാക്കും സത്യമാണെന്നും അതിന് പിന്നിൽ എന്തെങ്കിലും “രഹസ്യ അർത്ഥം” ഉണ്ടെന്നും കരുതേണ്ട!
6. ദുസ്വപ്നങ്ങൾ — നൈറ്റ്‌മേയേഴ്സ് (Nightmares)
സ്വപ്നം കണ്ടു…
പെട്ടെന്ന് ഞെട്ടി ഉണർന്നു…
“അയ്യോ! എന്തൊരു സ്വപ്നം!”
ഭയം, ഉത്കണ്ഠ, വിഷമം തുടങ്ങിയ ശക്തമായ വികാരങ്ങൾ ഉണ്ടാക്കുന്ന സ്വപ്നങ്ങളാണ് ദുസ്വപ്നങ്ങൾ (Nightmares).
ഇടയ്ക്കൊക്കെ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ തുടർച്ചയായി ഉണ്ടാവുകയും ഉറക്കം തകർക്കുകയും പകൽ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന ദുസ്വപ്നങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
മാനസിക സമ്മർദ്ദം, ആഘാതകരമായ അനുഭവങ്ങൾ, ചില മരുന്നുകൾ, ഉറക്കക്കുറവ് തുടങ്ങിയ പല ഘടകങ്ങളും ദുസ്വപ്നങ്ങൾക്ക് കാരണമാകാം.
7. ഉറക്കത്തിൽ പെട്ടെന്ന് ഭയന്ന് നിലവിളിക്കൽ — നൈറ്റ് ടെറേഴ്സ് (Night Terrors)
“എന്തിനാണ് കുട്ടി ഉറക്കത്തിൽ പെട്ടെന്ന് നിലവിളിക്കുന്നത്?”
പ്രത്യേകിച്ച് കുട്ടികളിൽ കാണുന്ന ഒരു പാരാസോംനിയ ( Parasomnia /ഉറക്കത്തിലെ അസാധാരണ പെരുമാറ്റങ്ങൾ) ആണ് നൈറ്റ് ടെറേഴ്സ്. ഉറക്കത്തിനിടെ പെട്ടെന്ന് നിലവിളിക്കുക, വിയർക്കുക, ഹൃദയമിടിപ്പ് കൂടുക, ഭയന്നിരിക്കുന്നതുപോലെ തോന്നുക എന്നിവ ഉണ്ടാകാം.
കുട്ടി ഉണർന്നതുപോലെ തോന്നിയാലും പൂർണമായി ഉണർന്നിരിക്കണമെന്നില്ല. രാവിലെ സംഭവിച്ചത് ഓർമ്മയില്ലാത്തതും സാധാരണമാണ്.
* നൈറ്റ് ടെററും ദുസ്വപ്നവും ഒന്നല്ല!
ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം:
ദുസ്വപ്നം:
ഞെട്ടിയുണർന്ന ശേഷം കണ്ട സ്വപ്നം പലപ്പോഴും ഓർമ്മയുണ്ടാകും.
നൈറ്റ് ടെറർ:
ഉറക്കത്തിനിടെ കുട്ടി ഭയന്ന് നിലവിളിക്കുകയും വിയർക്കുകയും ചെയ്താലും, രാവിലെ ഉണരുമ്പോൾ സംഭവം പലപ്പോഴും ഓർമ്മയുണ്ടാകില്ല.
8. കാലുകൾക്ക് “ഒന്ന് ഇളക്കിയേ തീരൂ!” — റെസ്റ്റ്ലസ് ലെഗ്സ് സിൻഡ്രോം (Restless Legs Syndrome)
“കിടന്നാൽ കാലുകൾക്ക് അസ്വസ്ഥത… ഒന്ന് ഇളക്കിയാലേ സമാധാനം!”
വിശ്രമിക്കുമ്പോൾ കാലുകൾ ചലിപ്പിക്കണമെന്ന ശക്തമായ തോന്നലും അസ്വസ്ഥതയും ഉണ്ടാകുന്നതാണ് റെസ്റ്റ്ലസ് ലെഗ്സ് സിൻഡ്രോം. വൈകുന്നേരങ്ങളിലും രാത്രിയിലും ഇത് കൂടുതലാകാം; കാലുകൾ ചലിപ്പിക്കുമ്പോൾ താൽക്കാലിക ആശ്വാസം ലഭിക്കും.
റെസ്റ്റ്ലസ് ലെഗ്സ് സിൻഡ്രോമിന്റെ കൃത്യമായ കാരണം എല്ലായ്പ്പോഴും വ്യക്തമല്ല. തലച്ചോറിലെ ഡോപ്പമിൻ പ്രവർത്തനത്തിലെ മാറ്റങ്ങൾ, ഇരുമ്പിന്റെ കുറവ്, ജനിതക ഘടകങ്ങൾ, വൃക്കരോഗം, ഗർഭാവസ്ഥ എന്നിവ കാരണമാകാം.
ഉറങ്ങാൻ കിടക്കുമ്പോൾ കാലുകൾ തന്നെയാണ് ഉറങ്ങാൻ സമ്മതിക്കാത്തത്!
9. ഉറക്കത്തിൽ പല്ലുകടിക്കുക — ബ്രക്സിസം (Bruxism)
രാത്രിയിൽ പല്ലുകൾക്ക് “ജിം” പോകുന്നതുപോലെ!
ഉറക്കത്തിനിടെ അറിയാതെ പല്ലുകൾ കടിച്ചുമുറുക്കുകയോ പരസ്പരം ഉരയ്ക്കുകയോ ചെയ്യുന്നതാണ് ഉറക്കത്തിലെ ബ്രക്സിസം (Sleep Bruxism).
രാവിലെ എഴുന്നേൽക്കുമ്പോൾ:
– താടിവേദന
– മുഖപേശികളിൽ വേദന
– തലവേദന
– പല്ലുകളുടെ തേയ്മാനം
– പല്ലുകൾക്ക് തണുപ്പും ചൂടും അനുഭവപ്പെടുമ്പോഴുള്ള സംവേദനക്ഷമത
എന്നിവ ഉണ്ടാകാം.
മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ചില ഉറക്കപ്രശ്നങ്ങൾ തുടങ്ങിയവയുമായി ഇത് ബന്ധപ്പെട്ടിരിക്കാം.
പല്ലുകടിക്കുന്ന ശബ്ദം പലപ്പോഴും രോഗി കേൾക്കില്ല… അടുത്ത് ഉറങ്ങുന്ന ആളായിരിക്കും ആദ്യം പരാതി പറയുന്നത്!
10. കണ്ണ് തുറന്നു… പക്ഷേ ശരീരം അനങ്ങുന്നില്ല! — ഉറക്ക പക്ഷാഘാതം (Sleep Paralysis)
“ഞാൻ ഉണർന്നു… എല്ലാം അറിയാം… പക്ഷേ കൈകാലുകൾ അനക്കാൻ കഴിയുന്നില്ല!”
ഉണരുമ്പോഴോ ഉറങ്ങിപ്പോകുമ്പോഴോ ബോധം ഉണ്ടായിട്ടും താൽക്കാലികമായി ശരീരം ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉറക്ക പക്ഷാഘാതം .
REM ഉറക്കത്തിലെ സ്വാഭാവിക പേശി-ചലനതടസം ഉണർന്ന ശേഷവും കുറച്ചുസമയം തുടരുന്നതാണ് ഇതിന് കാരണം. ചിലർക്ക് ഈ സമയത്ത് ആരോ അടുത്തുണ്ടെന്ന തോന്നലോ, ശബ്ദങ്ങളോ രൂപങ്ങളോ അനുഭവപ്പെടാം.
ഭയപ്പെടുത്താമെങ്കിലും സാധാരണയായി താൽക്കാലികവും അപകടകരമല്ലാത്തതുമാണ്.
# ഉറക്കത്തെ നിസ്സാരമായി കാണരുത്!
ഒരു രാത്രി മോശമായി ഉറങ്ങിയതുകൊണ്ട് മാത്രം വലിയ പ്രശ്നമാകണമെന്നില്ല. പക്ഷേ താഴെപ്പറയുന്ന കാര്യങ്ങൾ തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം:
– സ്ഥിരമായി ഉറങ്ങാൻ ബുദ്ധിമുട്ട്
– പകൽ സമയത്ത് നിയന്ത്രിക്കാനാകാത്ത ഉറക്കം
– ശക്തമായ കൂർക്കംവലി
– ഉറക്കത്തിൽ ശ്വാസംമുട്ടൽ അല്ലെങ്കിൽ ശ്വാസം ഇടയ്ക്കിടെ നിലയ്ക്കുന്നത്
– പതിവായി ഉറക്കത്തിൽ നടക്കുകയോ സംസാരിക്കുകയോ ചെയ്യുന്നത്
– ആവർത്തിച്ചുണ്ടാകുന്ന ദുസ്വപ്നങ്ങളോ ഉറക്കത്തിലെ ഭയപ്രകടനങ്ങളോ
– ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ ശരീരം അനക്കാൻ കഴിയാത്ത അവസ്ഥ ആവർത്തിക്കുന്നത്
– ഉറക്കപ്രശ്നങ്ങൾ കാരണം പകൽ ജോലി, പഠനം, ശ്രദ്ധ, ഓർമ്മ, മാനസികാവസ്ഥ എന്നിവയെ ബാധിക്കുന്നത്
ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ വിലയിരുത്തൽ ആവശ്യമാണ്. ആവശ്യമായ സാഹചര്യങ്ങളിൽ ഉറക്കത്തിന്റെ സ്വഭാവം വിലയിരുത്തുന്നതിനായി പോളിസോംനോഗ്രാഫി (Polysomnography/ ഉറക്കപഠനം /Sleep Study) ഉൾപ്പെടെയുള്ള പരിശോധനകളും വേണ്ടിവരാം.
# ഒടുവിൽ ഓർക്കേണ്ടത്…
ഉറക്കം ജീവിതത്തിൽ നിന്ന് മാറ്റിവയ്ക്കാവുന്ന ഒരു ഇടവേളയല്ല…
ശരീരത്തിന്റെയും തലച്ചോറിന്റെയും വീണ്ടെടുപ്പിന് അനിവാര്യമായ ജൈവപ്രക്രിയയാണ്.
നമ്മൾ ഉറങ്ങുമ്പോഴും തലച്ചോർ ഓർമ്മകളെ ഏകീകരിക്കുകയും വിവരങ്ങളെ ക്രമീകരിക്കുകയും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് “കുറച്ച് ഉറങ്ങിയാൽ മതി” എന്നത് ആരോഗ്യകരമായ ജീവിതശൈലിയല്ല.
ഒരു രാത്രി ഉറക്കം മോശമായത് വലിയ പ്രശ്നമാകണമെന്നില്ല…. പക്ഷേ ഉറക്കപ്രശ്നങ്ങൾ തുടർച്ചയായോ, ആവർത്തിച്ചോ, പകൽ ജീവിതത്തെ ബാധിച്ചോ തുടങ്ങിയാൽ അവഗണിക്കരുത്.
ഉറക്കം നഷ്ടപ്പെടുത്തുന്നത് സമയം ലാഭിക്കലല്ല…ആരോഗ്യത്തിൽ നിന്ന് കടം വാങ്ങലാണ്.
അതുകൊണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ ഓർക്കുക—
“നല്ല ഉറക്കം നാളെ മികച്ചതാക്കാനുള്ള ഇന്നത്തെ നിക്ഷേപമാണ്.”
സുഹൃത്തുക്കളെ, നിങ്ങൾക്കോ വീട്ടിലുള്ള ആർക്കെങ്കിലുമോ ഇതിൽ ഏതെങ്കിലും അനുഭവമുണ്ടോ? ഏതാണ്?

Dr Arun Oommen
Neurosurgeon
