
വാർദ്ധക്യ നാളുകളിൽ ദൈനം ദിന ജീവിതത്തിനു ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് പ്രസക്തിയുണ്ട് .|ഡോ .സി. ജെ .ജോൺ
വാർദ്ധക്യ നാളുകളിൽ ദൈനം ദിന ജീവിതത്തിനു ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് പ്രസക്തിയുണ്ട് . പിന്തുണ നൽകുന്ന ആപ്പുകളും,ഡിജിറ്റൽ വൈഭവങ്ങളുമൊക്കെഅറിഞ്ഞിരിക്കണം .
അവ പഠിച്ചെടുക്കാനുള്ള തുറന്ന മനസ്സ് വേണം. വീട്ടുകാർ അത് പ്രോത്സാഹിപ്പിക്കണം.തുണയാകാൻ എന്തൊക്കെഅറിയണം ?

അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ടാക്സിയോ ആംബുലൻസോ മൊബൈൽ ആപ്പിന്റെ സഹായത്തിൽ വിളിക്കാൻ അറിയണം. ബില്ലുകളും നികുതികളും ഫോൺ വഴി അടക്കാൻ പഠിക്കണം .ഇടക്ക് ഇഷ്ട ഭക്ഷണം ഓൺലൈൻ ഓർഡർ വഴി വരുത്താനും പറ്റണം. അല്ലറ ചില്ലറ വാങ്ങലുകളും, സാമ്പത്തിക ഇടപാടുകളും നടത്താനും അറിയണം. കൃത്യ സമയം മരുന്ന് കഴിക്കാനുള്ള
ശബ്ദ സൂചനകൾ ഫോണിൽ ക്രമീകരിക്കാം .ആരോഗ്യ ആപ്പ്ളിക്കേഷനുകൾ ഡോക്ടറന്മാരുടെ നിർദ്ദേശത്തിൽ ഉപയോഗിക്കണം .ഇത് പോലെ പലതും ചെയ്യാം. ഓരോന്നായി ശീലിച്ചു വരുമ്പോൾ എല്ലാം വഴങ്ങും. പ്രായം തടസ്സമാകില്ല.
ഏത് നേരവും സ്ക്രീനും തോണ്ടിയുള്ള ഇരിപ്പാക്കരുത്. വിനോദവും വിവരം തേടലും ആവശ്യമാണ് .എന്നാൽ അത് ചലനാത്മകമായ ജീവിതത്തെയും,
മുഖാമുഖമുള്ള കൂട്ടുകെട്ടുകളെയും വിഴുങ്ങും വിധത്തിലാകരുത്. വാട്സാപ്പിലും യുട്യൂബിലും,ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും കിട്ടുന്ന കാര്യങ്ങളെ കണ്ണടച്ച് വിശ്വസിക്കാൻ പോകരുത്. ആരോഗ്യ വിവരങ്ങൾ കേട്ട് പേടിക്കരുത്. വാസ്തവമെന്തെന്ന് അന്വേഷിക്കാനുള്ള പാകത കാണിക്കണം . കണ്ടത് വെറും സോഷ്യൽ മീഡിയ മാലിന്യമെന്ന് മനസ്സിലായാൽ കൈമാറാനും പാടില്ല.
പ്രീയപ്പെട്ടവരോട് മിണ്ടാനും അവരെ കേൾക്കാനുമുള്ള ഉപാധിയാണ് മൊബൈൽ ഫോണെന്നത് മറ്റ് പകിട്ടുകൾക്കിടയിൽ മറക്കരുത്.
വീഡിയോ കാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നന്നായി പ്രയോജനപ്പെടുത്തി ഏകാന്തതയെ തുരത്തണം . വാട്സാപ്പ് ഗ്രൂപ്പുകൾ വേണം. എന്നാൽ കിട്ടുന്നതൊക്കെ വിളമ്പിയും, വേണ്ടാത്ത എന്തെങ്കിലുമൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തും ബോറനായി മാറരുത് .
ആരെങ്കിലുമൊക്കെ പൊങ്ങച്ചം പോസ്റ്റ് ചെയ്യുന്നത് കണ്ട് എനിക്ക് ഇത്രയുമൊക്കെ ആകാൻ പറ്റിയില്ലെന്ന വിഷമത്തിന് ഈ പ്രായത്തിൽ അടിമപ്പെടരുത് .

പാസ്സ് വേർഡും ഡിജിറ്റൽ സുരക്ഷയുമൊക്കെ ഉറപ്പുള്ളതാക്കാൻ സഹായം തേടണം .കുഴിയിൽ ചാടിക്കുന്ന ലോൺ ആപ്പുകൾ പോലെയുള്ള കുരുക്കുകൾ ഒഴിവാക്കണം. സംശയമുള്ള സന്ദേശങ്ങളെ കുറിച്ചും, ഫോൺ വിളികളെ കുറിച്ചും അറിവുള്ളവരുമായി ചർച്ച ചെയ്യണം.സൈബറിടങ്ങളിൽ എടുത്തു ചാട്ടം വേണ്ടാ. നല്ല അച്ചടക്കവും വേണം.

ഡോ .സി. ജെ .ജോൺ