
കാലഹരണപ്പെട്ടതോടെ പൊതുസ്ഥലങ്ങളിൽ നിന്ന് ഈ നൂറ്റാണ്ടിൽ അപ്രത്യക്ഷമായ ഒന്നാണ് പബ്ലിക് ടെലിഫോൺ ബൂത്തുകൾ.
കാലഹരണപ്പെട്ടതോടെ പൊതുസ്ഥലങ്ങളിൽ നിന്ന് ഈ നൂറ്റാണ്ടിൽ അപ്രത്യക്ഷമായ ഒന്നാണ് പബ്ലിക് ടെലിഫോൺ ബൂത്തുകൾ. എന്നാൽ ചുവപ്പ് നിറത്തിലുള്ള ടെലിഫോൺ കിയോസ്കുകൾ ബ്രിട്ടനിൽ പലയിടങ്ങളിലും തങ്ങളുടെ സാംസ്കാരിക അടയാളമായി നിലനിർത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.
യുകെയിലെ പൊതു ടെലിഫോൺ ബൂത്തുകളുടെ ചരിത്രം ആരംഭിക്കുന്നത് 1921ൽ യുണൈറ്റഡ് കിംഗ്ഡം പോസ്റ്റ് ഓഫീസ് ആദ്യത്തെ സ്റ്റാൻഡേർഡ് പബ്ലിക് ടെലിഫോൺ കിയോസ്ക് അവതരിപ്പിച്ചപ്പോഴാണ്. ഈ ചിത്രത്തിൽ കാണുന്ന തരത്തിലുള്ള ഐക്കണിക് റെഡ് ടെലിഫോൺ ബോക്സ് രൂപകൽപന ചെയ്തത് സർ ഗിൽസ് ഗിൽബർട്ട് സ്കോട്ടാണ്, 1924ൽ ഇത് ആദ്യമായി അവതരിപ്പിച്ചു.
പിന്നീട് പലപ്പോഴായി വിവിധ ഡിസൈനുകളും അപ്ഡേറ്റുകളും ഉണ്ടായിട്ടുണ്ട്, എന്നാൽ ക്ലാസിക് റെഡ് ടെലിഫോൺ ബോക്സ് യുകെയുടെ ഒരു കൾച്ചറൽ ഐക്കണായി ഇന്നും തുടരുന്നു.
മൊബൈൽ ഫോണുകൾ സാർവത്രികമായ ശേഷം 2020 ജനുവരിയിലെ നില പരിശോധിക്കുമ്പോൾ ഏകദേശം 8,000 പരമ്പരാഗത റെഡ് ടെലിഫോൺ ബോക്സുകൾ പൊതു സേവനത്തിൽ അവശേഷിക്കുന്നുണ്ടായിരുന്നു. റെഗുലേറ്റർ ഓഫ്കോം 5,000 പൊതു ഫോൺ ബോക്സുകളാണ് ഇപ്പോഴും സംരക്ഷിക്കുന്നത്. ഇതിനായുള്ള നിയമനിർമാണം വിനിയോഗിച്ചാണ് പല പ്രാദേശിക കൗൺസിലുകളും പഴയ ടെലിഫോൺ ബോക്സുകൾ പ്രധാന ഇടങ്ങളിൽ സൂക്ഷിക്കുന്നത്. ഇതിൽ ഏകദേശം 2,000 ബൂത്തുകൾ ലിസ്റ്റഡ് പദവിയിലാണ്.
ചില പൊതു ടെലിഫോൺ ബൂത്തുകൾ കാലഹരണപ്പെട്ടതിന് ശേഷം മിനി ലൈബ്രറികളോ പുസ്തകശാലകളോ ആയി പുനർനിർമ്മിച്ചു. വ്യാപകമായിട്ടല്ലെങ്കിലും ഡീകമ്മീഷൻ ചെയ്ത ചില ചുവന്ന ടെലിഫോൺ ബോക്സുകൾ മിനി ലൈബ്രറികളാക്കിയിട്ടുണ്ട്.
Tijo George Koothattukulam