
ആത്മകഥ രചിക്കപ്പെട്ടിരുന്നെങ്കിൽ അദ്ദേഹവും പിന്നീട് തന്റെ പ്രസ്ഥാനത്തിൽ കാണുമായിരുന്നില്ല. കടന്നുപോക്കിനു ശേഷം സ്മാരകവും ഉയരുമായിരുന്നില്ല.
പത്തു പതിനഞ്ചു വർഷം മുൻപാണ്. കേരളത്തിലെ പ്രമുഖനായ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ആത്മകഥ, അദ്ദേഹം നൽകുന്ന വിവരങ്ങൾ വച്ച് രചിച്ചു കൊടുക്കാനുള്ള ഒരു ഓഫർ വന്നു.
മാധ്യമ രംഗത്തും എഴുത്തിലും തിരക്കാർന്നു നിൽക്കുന്ന സന്ദർഭമാണ്. മുന്നിൽ വന്ന ഓഫറിന് മാറ്റിവയ്ക്കാൻ സമയമില്ലാത്ത സന്ദർഭം. നേതാവാകട്ടെ ആത്മകഥ വളരെ വേഗം പുറത്തുവരണമെന്ന ആഗ്രഹത്തിലാണ്. കാരണം താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ അദ്ദേഹം വല്ലാതെ ദയനീയമായി ഒതുക്കപ്പെട്ടും തരംതാഴ്ത്തിപ്പെട്ടും അങ്ങേയറ്റം അസംതൃപ്തനായി നിൽക്കുന്ന സമയം. ആത്മകഥയിലൂടെ പ്രസ്ഥാനത്തിൽ തന്നെ ഒതുക്കിയവർക്കെതിരെ ഒരുപാട് വെടിക്കെട്ടുകൾ അദ്ദേഹം ലക്ഷ്യമിട്ടിട്ടുണ്ട്. അങ്ങേയറ്റം സെൻസേഷണൽ. പക്ഷെ എങ്ങനെ നോക്കിയിട്ടും എനിക്ക് സമയം കിട്ടുന്നില്ല. നേരത്തെ ഏറ്റെടുത്തു വർക്ക് നടക്കുന്ന വേറെയും പുസ്തകങ്ങളുണ്ട്. മാധ്യമപ്പണിയും മാഗസിനുകളുടെ ജോലിയും വേറെയും. നേതാവ് നിരന്തരം വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു. മാസങ്ങൾ കടന്നുപോയി. അതിനിടെ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. നേതാവ് വീണ്ടും പൂർവസ്ഥിതിയിലേക്ക് ഉയർത്തപ്പെട്ടു. അതോടെ പിന്നെ വിളിയില്ലാതായി. നേതാവ് ആവശ്യപ്പെട്ട സമയത്ത് ആത്മകഥ ഞാൻ രചിച്ചുകൊടുക്കുകയും അത് പുറത്തുവരുകയും ചെയ്തിരുന്നെങ്കിൽ അദ്ദേഹം പിന്നീട് ആ പ്രസ്ഥാനത്തിൽ തന്നെ ഉണ്ടാവുമായിരുന്നില്ല.
കഥ പക്ഷെ അവിടെ അവസാനിച്ചില്ല. വർഷങ്ങൾ കടന്നുപോയപ്പോൾ നേതാവ് തന്റെ ആത്മകഥ മറ്റാരെയൊ കൊണ്ട് എഴുതിപ്പിച്ചു. എഴുത്ത് പക്ഷെ പ്രസിദ്ധീകരണ യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. മാനുസ്ക്രിപ്റ്റ് എഡിറ്റ് ചെയ്ത് നേരെയാക്കാൻ നേതാവ് മാധ്യമ രംഗത്തെയും എഴുത്ത് രംഗത്തെയും ഒരു പ്രമുഖനെ ഏല്പിച്ചു. എന്റെ അടുത്ത സുഹൃത്തായിരുന്നു ആ പ്രമുഖൻ. അദ്ദേഹം ആ മാനുസ്ക്രിപ്റ്റ് മാസങ്ങൾക്കു ശേഷം മറ്റൊരാവശ്യത്തിന് നേരിൽ കണ്ടപ്പോൾ ഈയുള്ളവനെ ഏല്പിച്ചു. എഡിറ്റിങ് ജോലി ഇങ്ങോട്ട് കൈമാറി. ഞാൻ പക്ഷെ അപ്പോഴും പണിത്തിരക്കിൽ തന്നെ. എങ്കിലും മാനുസ്ക്രിപ്റ്റ് ഒരുവട്ടം സമയമെടുത്ത് വായിച്ചു. ഞെട്ടിപ്പോയി അതിലെ പല അദ്ധ്യായങ്ങളും കണ്ട്. പുറത്തുവന്നാൽ വൻ രാഷ്ട്രീയ വിവാദങ്ങളും വ്യക്തിഹത്യകളും സൃഷ്ടിക്കാവുന്ന വെടിക്കെട്ടുകൾ അതിലുണ്ടായിരുന്നു. സമയക്കുറവ് കൊണ്ട് എഡിറ്റിങ് നടന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സുഹൃത്ത് അത് തിരക്കിട്ട് തിരികെ വാങ്ങിക്കൊണ്ട് പോയി. അതിലെ വെടിക്കെട്ടുകൾ പുറത്തുവന്നാലുള്ള ഭവിഷ്യത്തുകൾ മുന്നിൽ കണ്ട് ആരൊക്കെയോ ഇടപെട്ട് മാനുസ്ക്രിപ്റ്റ് പെട്ടെന്ന് തിരികെ വാങ്ങിപ്പിക്കുകയായിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. അത് പുസ്തകമായി പിന്നീട് പുറത്തുവന്നുവോ ഇല്ലയോ എന്ന് അറിയില്ല. വിവാദവെടിക്കെട്ടുകളോടെ പുറത്തുവന്നിരുന്നെങ്കിൽ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത നേതാവ് അന്നേ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുപോയേനെ. തിരക്ക് മൂലം മാനുസ്ക്രിപ്റ്റിൽ കണ്ട വിവാദ ഭാഗങ്ങളുടെ ഒരു കോപ്പി എടുത്ത് വയ്ക്കാൻ അന്ന് കഴിഞ്ഞിരുന്നുമില്ല.
എഴുത്ത് – എഡിറ്റിംഗ് ജീവിതത്തിൽ ഇത് പുതുമയല്ല. മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലീഡർ കെ. കരുണാകരൻ കോൺഗ്രസ് വിടുന്നതിനു തൊട്ടു മുൻപോ വിട്ടതിനു തൊട്ടു പിന്നാലെയോ ആയിരുന്നു അതിലൊന്ന്. കോൺഗ്രസിൽ വലിയ കലാപം നടക്കുന്ന സന്ദർഭം. ലീഡറുമായി ഏറ്റവും അടുത്തയാൾ അദ്ദേഹത്തിന്റെയും എന്റെയും ഒരു ആത്മസുഹൃത്ത് വഴി രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ചെക്കാവുന്ന ഒരു പുസ്തകരചനയ്ക്കായി സമീപിച്ചു. ഫോണിൽ പലവട്ടം ബന്ധപ്പെട്ടു. വിവരങ്ങൾ ചിലത് കൈമാറി. രാഷ്ട്രീയത്തിൽ കോളിളക്കം ഉണ്ടാക്കിയേക്കാവുന്ന വിഷയങ്ങൾ ആയിരുന്നു അത്. പക്ഷെ ജോലിത്തിരക്ക് മൂലം അത് ഏറ്റെടുക്കാൻ കഴിഞ്ഞില്ല. മറ്റാരെങ്കിലുമായിരുന്നെങ്കിൽ അത് ഉപേക്ഷിക്കുമായിരുന്നില്ല. അത്രയ്ക്ക് മൈലേജ് കിട്ടാവുന്ന ഒന്നായിരുന്നു അത്.
വേറൊരു പ്രമുഖ നേതാവ് രോഗാവസ്ഥയിൽ കഴിയുമ്പോൾ തന്റെ പ്രസ്ഥാനത്തിന്റെ വഴിവിട്ട പോക്കുകളിൽ മനം നൊന്ത് ( താൻ അവഗണിക്കപ്പെടുകയാണ് എന്ന വിചാരത്തിലും ) ഒരുപാട് അപ്രിയ സത്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കാൻ ആത്മകഥാ രചനയ്ക്കായി മാസങ്ങളോളം വീട്ടിലേക്ക് ആളെ വിട്ടു. തിരക്കിലായിരുന്നു അപ്പോഴും ഞാൻ. അടച്ചിട്ട മുറിയിൽ ഏകനായി കഴിയാൻ രോഗം മൂലം വിധിക്കപ്പെട്ട ആ നേതാവിനെ ഒരു തവണ കണ്ടപ്പോൾ ഞെട്ടിക്കുന്ന ചില വിശേഷങ്ങൾ ഇങ്ങോട്ട് കൈമാറി. തുടർന്ന് കാണാൻ സമയം കിട്ടിയില്ല. അധികം താമസിയാതെ അദ്ദേഹം കടന്നുപോയി. ആത്മകഥ രചിക്കപ്പെട്ടിരുന്നെങ്കിൽ അദ്ദേഹവും പിന്നീട് തന്റെ പ്രസ്ഥാനത്തിൽ കാണുമായിരുന്നില്ല. കടന്നുപോക്കിനു ശേഷം സ്മാരകവും ഉയരുമായിരുന്നില്ല. അദ്ദേഹം ഇപ്പോഴും എല്ലാ വർഷവും തന്റെ പ്രസ്ഥാനത്താൽ മുടങ്ങാതെ അനുസ്മരിക്കപ്പെടുന്നു. വിശുദ്ധനായി തുടരുന്നു. കഥകൾ അങ്ങനെ എത്രയെത്ര. ഇന്ന് രാവിലത്തെ ചാനൽ വിശേഷങ്ങൾ കേട്ടപ്പോൾ ഇന്നലെകളിലെ കഥകളൊക്കെ വീണ്ടും ഓർമിച്ചുപോയി!!!
Joy Peter