കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഡൽഹിയിൽ ഇന്നു മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ ചർച്ച.

Share News

മുഖ്യമന്ത്രി: നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ചർച്ച ഇന്ന്

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആശയവിനിമയത്തിനായി കെപിസിസി മുൻ അധ്യക്ഷന്മാരെയും വർക്കിംഗ് പ്രസിഡന്‍റുമാരെയും ഡൽഹിക്കു വിളിപ്പിച്ചു.

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഡൽഹിയിൽ ഇന്നു മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ ചർച്ച. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിസഭയിൽ ചേരുന്ന സാഹചര്യത്തിൽ പകരം നേതാവിനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളും ഡൽഹിയിൽ ചർച്ചയായേക്കും.

മന്ത്രിസഭയിലെ പ്രാതിനിധ്യവും വി.ഡി. സതീശന് അനുകൂലമായി കേരളത്തിലുണ്ടായ പൊതുവികാരവും മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയുടെ സാധ്യതകളുമെല്ലാം കണക്കിലെടുത്തുള്ള സമവായവും യുഡിഎഫ് ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കുന്നതും പുതിയ മന്ത്രിസഭയ്ക്ക് അനുകൂലമായ സാഹചര്യം വളർത്തിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഇന്നത്തെ ചർച്ചകളിൽ ഉയർന്നേക്കും. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും നേരിട്ടുതന്നെ കേരള നേതാക്കളുമായി ആശയവിനിമയം നടത്തും.

ഡൽഹിക്കു വിളിപ്പിച്ച കെപിസിസി മുൻ അധ്യക്ഷന്മാരും വർക്കിംഗ് പ്രസിഡന്‍റുമാരും അടക്കമുള്ള മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇന്നു നടത്തുന്ന ചർച്ചകളെത്തുടർന്ന് എല്ലാ സാഹചര്യങ്ങളും വിലയിരുത്തി പ്രഖ്യാപനം നടത്തുമെന്ന് എഐസിസി കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

തർക്കങ്ങളില്ലെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് ജനാധിപത്യപരമായാണു തീരുമാനങ്ങളെടുക്കുകയെന്നും ഉന്നത നേതാവ് വിശദീകരിച്ചു. കേരളത്തിലെ സാഹചര്യങ്ങൾ വിശദമായി ഹൈക്കമാൻഡും നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ടെന്നും പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങുമെന്നും നേതാവ് അവകാശപ്പെട്ടു.

വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പിൽ, എ.പി. അനിൽകുമാർ തുടങ്ങിയവരുമായി ഇന്നു നടക്കുന്ന ചർച്ച നിർണായകമാണെന്നും സമവായമുണ്ടാകുമെന്നും എഐസിസി നേതൃത്വം കരുതുന്നു. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയുടെ തുടർച്ചയാണെങ്കിലും ചർച്ചാവിഷയങ്ങൾ വ്യത്യസ്തമാകും. മുല്ലപ്പള്ളിയുമായി ടെലിഫോണിലാകും ചർച്ച.

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള പ്രധാന നേതാക്കളുമായി രാഹുലും ഖാർഗെയും ഇതിനിടെ പലതവണ ആശയവിനിമയം നടത്തി. ചർച്ചകൾക്കുശേഷം അസാധാരണ സാഹചര്യമുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്ന് എഐസിസി വ്യക്തമാക്കി.

ടീം യുഡിഎഫാണു മത്സരിച്ചതെന്നും മുഖ്യമന്ത്രിസ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടുന്നില്ലെന്നു മുൻകൂർ വ്യക്തമാക്കിയിരുന്നുവെന്നും എഐസിസി ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ പ്രക്രിയ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിനാണ് നേരിയ കാലതാമസമെന്നും ഹൈക്കമാൻഡ് തീരുമാനം അടിച്ചേൽപ്പിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും നേതൃത്വം വിശദീകരിച്ചു.

George Kallivayalil

Share News