കര്‍ഷകരുടെയും വനാതിര്‍ത്തി മേഖലകളിലെ ജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍, മാനന്തവാടി രൂപതാ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി

Share News

കര്‍ഷകരുടെയും വനാതിര്‍ത്തി മേഖലകളിലെ ജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍, മാനന്തവാടി രൂപതാ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി

മാനന്തവാടി: സംസ്ഥാന വനംവന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ മാനന്തവാടി ബിഷപ്സ് ഹൗസില്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം സ്വീകരിച്ചു. മാനന്തവാടി രൂപതാ പി.ആര്‍.ഒ. ടീം, രാഷ്ട്രീയകാര്യ സമിതി, എ.കെ.സി.സി. രൂപതാ സമിതി എന്നിവയുടെ പ്രതിനിധികള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വയനാട്ടിലെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകരെയും വനാതിര്‍ത്തി മേഖലകളില്‍ താമസിക്കുന്നവരെയും ബാധിക്കുന്ന വിവിധ പൊതുപ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം സംഘം മന്ത്രിക്ക് സമര്‍പ്പിച്ചു.

വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും നിരന്തരം ഇറങ്ങുന്നതുമൂലം മനുഷ്യജീവന്‍ നഷ്ടപ്പെടുക, ആളുകള്‍ക്ക് അംഗവൈകല്യവും തൊഴില്‍ശേഷി നഷ്ടവും സംഭവിക്കുക, കൃഷിയും വളര്‍ത്തുമൃഗങ്ങളും നശിക്കുക, വീടുകള്‍ക്കും മറ്റ് സ്വത്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വനാതിര്‍ത്തി മേഖലകളിലെ ജനങ്ങള്‍ നേരിടുന്ന ഭീതിയും അരക്ഷിതാവസ്ഥയും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം, വന്യമൃഗങ്ങളുടെ എണ്ണവും വനങ്ങളുടെ ആവാസശേഷിയും സംബന്ധിച്ച ശാസ്ത്രീയ പഠനം, ഫെന്‍സിങ്, കിടങ്ങുകള്‍, ജൈവവേലി എന്നിവ ഉപയോഗിച്ച് വനാതിര്‍ത്തികള്‍ ശക്തിപ്പെടുത്തല്‍, ദ്രുതകര്‍മസേനകളും മുന്നറിയിപ്പ് സംവിധാനങ്ങളും കാര്യക്ഷമമാക്കല്‍, ജനവാസമേഖലകളില്‍ നിരന്തരം ഇറങ്ങുന്ന അപകടകാരികളായ വന്യമൃഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വന്യമൃഗാക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തോടൊപ്പം കുടുംബപെന്‍ഷന്‍ അനുവദിക്കുക, സ്ഥിരമായ അംഗവൈകല്യമോ തൊഴില്‍ശേഷി നഷ്ടമോ സംഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസ പെന്‍ഷന്‍ നല്‍കുക, ചികിത്സാച്ചെലവ് സര്‍ക്കാര്‍ പൂര്‍ണമായി വഹിക്കുക, കൃഷിനാശത്തിന് യഥാര്‍ഥ ഉല്‍പാദനച്ചെലവിന്‍റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുക, വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക എന്നിവയും സംഘം ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി പരിഹാരം കാത്തിരിക്കുന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍റെ ഭൂവിഷയവും സംഘം മന്ത്രിയുടെ പ്രത്യേക ശ്രദ്ധയില്‍പ്പെടുത്തി. വിഷയത്തില്‍ സര്‍ക്കാരിന്‍റെ അടിയന്തരവും അനുകൂലവുമായ ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം സര്‍ക്കാര്‍ എപ്പോഴും ഉണ്ടാകുമെന്നും മനുഷ്യജീവനും കൃഷിയും സ്വത്തും സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ജനങ്ങളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം കേള്‍ക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്ത മന്ത്രിക്ക് ബിഷപ് മാര്‍ ജോസ് പൊരുന്നേടം നന്ദി അറിയിച്ചു. സമര്‍പ്പിച്ച നിവേദനത്തിലെ നിര്‍ദേശങ്ങളില്‍ അടിയന്തരവും സമയബന്ധിതവുമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു

Eparchy of Mananthavady

Share News