മാധ്യമപ്രവർത്തകർക്കിടയിൽ ഭീതി പടർത്താൻ ശ്രമിച്ച ഭരണകൂട നടപടികൾ വിപരീതഫലമാണ് ഉണ്ടാക്കിയത്.

Share News

വിപ്ലവം തിന്നുന്നത് സ്വന്തം മക്കളെയാണ്” (The revolution devours its own children) എന്നത് ലോകചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ രാഷ്ട്രീയ നിരീക്ഷണങ്ങളിൽ ഒന്നാണ്. വിപ്ലവങ്ങൾ എങ്ങനെയാണ് ക്രമേണ അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കുന്നതെന്നും, വിപ്ലവത്തിന് നേതൃത്വം നൽകിയവർ തന്നെ ഒടുവിൽ അതിന്റെ ഇരകളായി മാറുന്നതെങ്ങനെയെന്നും ഫ്രഞ്ച് വിപ്ളവ കാലം മുതലേ ലോകം ചർച്ച ചെയ്യുന്നതാണ്.

കമ്മ്യൂണിസത്തിന്റെ ചരിത്രമെടുത്താൽ ഈ പ്രസ്താവന അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് കാണാം. അതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന ഒരു കാര്യം. ‘പാർട്ടി വിരുദ്ധർ’ എന്ന് മുദ്രകുത്തി സ്വന്തം അണികളെയും നേതാക്കളെയും പുറത്താക്കുന്നതും, രാഷ്ട്രീയമായി അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും കണ്ടു. വിപ്ലവത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർ തന്നെ പിന്നീട് പാർട്ടിയുടെ ശത്രുക്കളായി മാറിയതാണ് ഈ തെരഞ്ഞെടുപ്പിൽ ഏവരെയും അമ്പരപ്പിച്ചത്.

ഒരു പ്രസ്ഥാനം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമ്പോൾ, ആ വ്യക്തിയുടെ വീഴ്ച പ്രസ്ഥാനത്തിന്റെ അന്ത്യമായി മാറുമെന്ന രാഷ്ട്രീയ പ്രവചനങ്ങളും കേരളത്താൽ യാഥാർത്ഥ്യമായതിനു തെളിവാണ് ഈ തെരഞ്ഞെടുപ്പു ഫലം.

പ്രത്യയശാസ്ത്രപരമായ പാളിച്ചകൾക്കപ്പുറം, ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ അടിച്ചമർത്താൻ പിണറായി ഭരണകൂടം നടത്തിയ ശ്രമങ്ങൾ ഈ തകർച്ചയ്ക്ക് ആക്കം കൂട്ടി. പാർട്ടി ചാനലുകളുടെ സ്തുതിപാഠങ്ങൾക്കപ്പുറം സത്യം വിളിച്ചുപറഞ്ഞ സ്വതന്ത്ര മാധ്യമങ്ങളെ ഭരണകൂടം ഭീഷണിയോടെയാണ് നേരിട്ടത്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ വേട്ടയാടാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തപ്പോൾ കേരളം കണ്ടത് ഒരു ജനാധിപത്യ സർക്കാരിനെയല്ല, മറിച്ച് വിമർശനങ്ങളെ ഭയക്കുന്ന ഏകാധിപത്യ സർക്കാരിനെ ആയിരുന്നു.

മാധ്യമപ്രവർത്തകർക്കിടയിൽ ഭീതി പടർത്താൻ ശ്രമിച്ച ഭരണകൂട നടപടികൾ വിപരീതഫലമാണ് ഉണ്ടാക്കിയത്. ഈ ഭയം മാധ്യമങ്ങളെ നിശബ്ദരാക്കുന്നതിന് പകരം, ഭരണകൂട ഭീകരതയ്ക്കെതിരായി അവരെ ഒന്നിക്കാൻ സഹായിച്ചു. അടിച്ചമർത്താൻ ശ്രമിക്കുന്തോറും ജനങ്ങളിലേക്ക് സത്യങ്ങൾ കൂടുതൽ ശക്തിയോടെ ഒഴുകിയെത്തി. അക്ഷരങ്ങളെയും അഭിപ്രായങ്ങളെയും തടവിലിടാൻ ശ്രമിച്ച പിണറായി വിജയന്റെ ‘ക്യാപ്റ്റൻ’ പ്രതിച്ഛായ അവസരം കിട്ടിയപ്പോഴെല്ലാം മാധ്യമങ്ങൾ തകർത്തു. മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തിയുള്ള ഈ യുദ്ധത്തിൽ ഒടുവിൽ തോറ്റുപോയത് അധികാരത്തിന്റെ അഹന്തയായിരുന്നു.

കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ലോകത്തെവിടെയും മാധ്യമസ്വാതന്ത്ര്യത്തെ എങ്ങനെ കണ്ടിരുന്നു എന്നതിന്റെ തനിയാവർത്തനമാണ് കേരളത്തിലും കണ്ടത്. ആ ഭയവും പ്രതിഷേധവും തന്നെയാണ് ബാലറ്റ് പേപ്പറുകളിൽ ഈ കനത്ത തിരിച്ചടിയായി പ്രതിഫലിച്ചത്.

മാത്യൂ ചെമ്പുകണ്ടത്തിൽ

Share News