
മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സമിതി രൂപീകരിച്ചു
കൊച്ചി – മത്സ്യമേഖലയില്‍ പുതിയ നിയമ നിര്‍മാണങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംഘടിത പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് കേരള മത്സ്യമേഖല സംരക്ഷണസമിതി രൂപീകരിച്ചു. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഒരുമിച്ചു ചേര്‍ന്നാണ് പുതിയ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി മത്സ്യമേഖലയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പൊതു സ്വഭാവമാണ് സമിതിക്ക് ഉള്ളത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്സ്യമേഖലയുടെ സംരക്ഷണത്തിനായി പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കി.

ധീവരസഭ ജനറല്‍ സെക്രട്ടറി വി ദിനകരന്‍ എക്സ് എം എല്‍ എ, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ തോമസ് തറയില്‍, വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെ എല്‍ സി എ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, ടി എ ഡാല്‍ഫിന്‍, ധീവരസഭ ഭാരവാഹികളായ ടി കെ സോമനാഥന്‍, കെ കെ തമ്പി, പി എം സുഗതന്‍, ഫിഷിംഗ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍, കേരള മത്സ്യത്തൊഴിലാളി ഫോറം ജനറല്‍ സെക്രട്ടറി ബേസില്‍ മുക്കത്ത് എന്നിവര്‍ പ്രസംഗിച്ചു. സമിതി ഭാരവാഹികളായി വി ദിനകരന്‍ (ചെയര്‍മാന്‍), ജോസഫ് സേവ്യര്‍ (വൈസ് ചെയര്‍മാന്‍), അഡ്വ ഷെറി ജെ തോമസ് (കണ്‍വീനര്‍), എന്നിവരെ തിരഞ്ഞെടുത്തു. ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീണ്ടും യോഗം ചേരും.

മത്സ്യമേഖല സംരക്ഷണസമിതിയുടെ പൊതുമിനിമം പരിപാടി
- 2018ലെ കെ എം എഫ് ആര്‍ ആക്ട് ഭേദഗതി നിയമവും 2021ലെ മത്സ്യ സംഭരണവും വിപണനവും ഗുണനിലവാര പരിപാലന നിയമവും 2021ലെ ഉള്‍നാടന്‍ മത്സ്യ ബന്ധനവും അക്വാകള്‍ച്ചറും നിയമവും പിന്‍വലിയ്ക്കുകയും മത്സ്യ തൊഴിലാളി സംഘടനകളുടെ അഭിപ്രായം മാനിച്ചു പുതിയ നിയമങ്ങള്‍ നിര്‍മ്മിയ്ക്കുകയും ചെയ്യുക.
- മത്സ്യ തൊഴിലാളി ക്ഷേമനിധി അനുസരിച്ചുള്ള മുഴുവന്‍ അനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് നല്‍കുകയും മത്സ്യ തൊഴിലാളികള്‍ക്ക് ഗുണകരമായിട്ടുള്ള പുതിയ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുക.
- മത്സ്യ ഫെഡ് എന്ന സഹകരണപ്രസ്ഥാനത്തെ ശാക്തീകരിച്ച് കൂടുതല്‍ അനുകൂല്യങ്ങള്‍ നല്‍കുക.
- തീരദേശ നിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് മത്സ്യ മേഖലയെ ഒഴിവാക്കുകയും ടൂറിസം പദ്ധതികള്‍ ആവിഷ്കരിയ്ക്കുമ്പോള്‍ മത്സ്യ തൊഴിലാളി സംഘടനകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയും ചെയ്യുക.
റീബില്‍ഡ് കേരള അനുസരിച്ചുഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്ന് ഡ്രഡ്ജ് ചെയ്തെടുക്കുന്ന എക്കലും ചെളിയും തീരം സംരക്ഷിയ്ക്കുന്നതിന് ഉപയോഗിയ്ക്കുക. - പുനര്‍ഗേഹം പദ്ധതി അനുസരിച്ച് തീരദേശ വാസികളെ നിര്‍ബന്ധപൂര്‍വ്വം കുടിയിറക്കാതിരിക്കുക, കുടി ഒഴിപ്പിയ്ക്കുമ്പോള്‍ ദേശീയപാത നവീകരണത്തിന് കൊടുക്കുന്നതിന് സമാനമായ നഷ്ടപരിഹാരം നല്‍കുക.
സ്വാമിനാഥന്‍ കമ്മീഷന്‍റെ കുട്ടനാട് പാക്കേജിലെ മത്സ്യ മേഖലയെ സംബന്ധിയ്ക്കുന്ന മുഴുവന്‍ ശുപാര്‍ശകളും നടപ്പിലാക്കുക. - മത്സ്യത്തില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നപദ്ധതി മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സ്വയം സഹായഗ്രൂപ്പുകള്‍വഴി നടപ്പിലാക്കുക.
- പ്രകൃതി ക്ഷോഭംമൂലവും മല്‍സ്യ സാമ്പത്തിന്‍റെ കുറവ് മൂലവും തൊഴില്‍ രഹിതരായ കടലോര-ഉള്‍നാടന്‍ മത്സ്യ തൊഴിലാളികളെ സഹായിയ്ക്കുന്നതിന് ഒരു സാമ്പത്തിക പാക്കേജ് നടപ്പിലാക്കുക.
- 1976ലെ മാരിടൈം സോണ്‍ നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത് സംസ്ഥാന സമുദ്രതിര്‍ത്തി 50 നോട്ടിക്കല്‍ മൈല്‍ ആക്കി വര്‍ദ്ധിപ്പിയ്ക്കുക.
- രാജ്യാതിര്‍ത്തി സംരക്ഷിയ്ക്കുന്നതുപോലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധമന്ത്രാലയത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് തീരവും തീരദേശ വാസികളേയും സംരക്ഷിയ്ക്കുക.
- മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ മത്സ്യ തൊഴിലാളി വിഭാഗങ്ങളെ പട്ടിക ജാതിയിലോ പട്ടികവര്‍ഗ്ഗത്തിലോ ഉള്‍പ്പെടുത്തുക.

വി ദിനകരന്‍ എക്സ് എംഎല്‍എ (ചെയര്‍മാന്‍)
9446700737
അഡ്വ ഷെറി ജെ തോമസ് (കണ്‍വീനര്‍) 9447200500