നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കുമ്പോൾ മാത്രം പൊള്ളിയാൽ മതിയെന്ന ലാഘവ ബുദ്ധിയിലേക്ക് പൊതു ബോധം പോയാൽ സമൂഹത്തിൽ പിഞ്ചു കുഞ്ഞുങ്ങൾ പല തരം പീഡനങ്ങൾക്ക് ഇരയാകാനിടയുള്ള സാഹചര്യങ്ങൾ തിരിച്ചറിയാതെ പോകും.

Share News

പിഞ്ചു കുട്ടികൾ ലൈംഗീകമായി ഉപദ്രവിക്കപ്പെടുന്നതുൾപ്പെടെയുള്ള ക്രൂരതകളുടെ വാർത്തകൾ കണ്ടും കേട്ടും വായിച്ചുമൊക്കെ ഇതൊരു പുതു നോർമൽ പ്രതിഭാസമാണെന്ന വിചാരം വരുന്നുണ്ടോ?ഇതൊക്കെ ഉള്ളിനെ പൊള്ളിക്കാതെ ഒരു സാധാരണ സംഭവമായി കടന്ന്‌ പോകുന്നുണ്ടോ?

പലരും ഇങ്ങനെയൊക്കെയാണ്. വല്ലാത്തൊരു നിസ്സംഗത പടർന്നു പിടിക്കുന്നുണ്ട് .ഇതൊന്നും മനഃപൂർവം സംഭവിക്കുന്നതല്ല.പതിവായി കേൾക്കുമ്പോഴും കാണുമ്പോഴും അറിയാതെ പെരുമാറ്റങ്ങളിലും പ്രതികരണങ്ങളും അലിഞ്ഞു ചേരുന്നതാണ് .ഇത്തരം മാറ്റങ്ങൾ ഉണ്ടായാൽ പല ക്രൂരതകൾക്കും എതിരെയുള്ള ശബ്ദങ്ങളുടെ ശക്തി കുറയും. പ്രതിഷേധം ക്ഷണികമാകും. കുട്ടികൾ ലൈംഗീകമായി ഉപദ്രവിക്കപ്പെടുന്ന വാർത്തകൾ കേൾക്കുമ്പോൾ , ഇത് ഇന്നലെയും ഉണ്ടായതല്ലേയെന്ന മട്ടിൽ നിർവികാരതയോടെ തള്ളി കളയുന്ന മാനസികാവസ്ഥ അപകടകരമാണ്. ആവർത്തിച്ച് കേൾക്കുകയല്ലേ ?ഇതെത്ര കാണുന്നുവെന്ന ന്യായം ശരിയല്ല.

നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കുമ്പോൾ മാത്രം പൊള്ളിയാൽ മതിയെന്ന ലാഘവ ബുദ്ധിയിലേക്ക് പൊതു ബോധം പോയാൽ സമൂഹത്തിൽ പിഞ്ചു കുഞ്ഞുങ്ങൾ പല തരം പീഡനങ്ങൾക്ക് ഇരയാകാനിടയുള്ള സാഹചര്യങ്ങൾ തിരിച്ചറിയാതെ പോകും.

ദുരന്ത സംഭവങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾ കാണാതെ പോകും. എമ്പതിയുടെ അഥവാ അനുതാപത്തിന്റെ ഉറവ ഇങ്ങനെ വറ്റി പോയാൽ സ്വന്തം വീട്ടിലുണ്ടാകുന്ന കുഴപ്പങ്ങൾ വേണ്ട നേരത്ത് കണ്ടില്ലെന്നും വരും.

അത് കൊണ്ട് ചുറ്റും നടക്കുന്ന അതിക്രമങ്ങളിൽ പൊള്ളുക. കൂടുതൽ പുകച്ചിലോടെ വീണ്ടും വീണ്ടും പൊള്ളുക. ആ പൊള്ളലിൽ നിന്നാണ്ക്രീയാത്മകമായ ജാഗ്രത ഉണ്ടാകുന്നത്.

അർത്ഥപൂർണ്ണമായ ഇടപെടൽ ഉണ്ടാകുന്നത് .അതുണ്ടാകാത്തത് കൊണ്ടാണ് സമൂഹത്തിന്റെ തല താഴും വിധം കുഞ്ഞുങ്ങളോടുള്ള ക്രൂരതകൾ പോലും കൂടുന്നത് . ഇനി പൊള്ളയായ ഞെട്ടൽ വേണ്ട. പൊള്ളണം ഇനി നമുക്ക്. നന്നായി പൊള്ളണം. ഇപ്പോഴത്തെ നിർവികാരതയുടെ ശൈത്യം പൊള്ളി ഇല്ലാതെയാകണം .

(ഡോ. സി. ജെ .ജോൺ )

Share News