നിശ്ചയദാർഢ്യത്തിന്റെ പുത്തൻ പേര് — മനു ഭാകർ!

Share News

2021ലെ കഥയാണ്. ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർപിസ്റ്റൽ മത്സരത്തിന്റെ യോഗ്യതാ റൗണ്ട് നടക്കുന്നു.

ആ ഷൂട്ടിങ് റേഞ്ചിൽ മിന്നി നിൽക്കുകയാണ് ഹരിയാനയിൽ നിന്നുള്ള ഒരു പത്തൊൻപതുകാരി. 60 ഷോട്ടുകളാണ് മൊത്തം. ആദ്യ പത്ത് ഷോട്ടുകളിൽ 98 പോയിന്റ്. 16 ഷോട്ട് കഴിഞ്ഞപ്പോൾ 156. ഫൈനലിലേക്കുള്ള കുതിപ്പാണ്. പതിനാറാം ഷോട്ട് കഴിഞ്ഞപ്പോൾ പിസ്റ്റലിന് എന്തോ തകരാർ ഉള്ളതുപോലെ അവൾക്കൊരു തോന്നൽ. ഉടൻ കോച്ചിനെ വിളിച്ചു. അവർ കാര്യം മനസ്സിലാക്കി. പിസ്റ്റലിലെ കോക്കിങ് ലീവർ പൊട്ടിയിരിക്കുന്നു.

കാര്യം അധികൃതരോട് പറഞ്ഞു. പകരം പിസ്റ്റൽ അനുവദിക്കാൻ കഴിയില്ല, വേണമെങ്കിൽ കേടായ ഭാഗം മാത്രം മാറ്റിക്കോളൂ എന്നവർ. പിസ്റ്റൽ നന്നാക്കി തിരികെ എത്തിച്ചപ്പോഴേക്കും നഷ്ടമായത് വിലപ്പെട്ട സമയം. പിസ്റ്റൽ കേടായപ്പോൾ അവൾക്ക് പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്നത് 56 മിനിറ്റിൽ 44 ഷോട്ടുകൾ. എന്നാൽ പിസ്റ്റൽ തിരികെ കിട്ടിയപ്പോൾ ആ 44 ഷോട്ടുകൾ പായിക്കാൻ ബാക്കിയുണ്ടായിരുന്നത് വെറും 38 മിനിറ്റ്.

അവശേഷിക്കുന്ന ചുരുങ്ങിയ സമയത്തിൽ അങ്ങേയറ്റത്തെ ഏകാഗ്രത അവൾക്ക് വേണ്ടിയിരുന്നു. അടുത്ത നാല് ഷോട്ടുകൾ പെർഫെക്ട് 10. പിന്നീട് മൂന്നെണ്ണം 9.4, 9.5, 9.8. അവൾ സമയത്തെയും തോല്പിച്ച് മുന്നേറി. അങ്ങനെ അവസാന ഷോട്ട് എത്തി.

അതിൽ പെർഫക്ട് 10 അടിച്ചാൽ എട്ടാമത്തെ ഫൈനലിസ്റ്റ് അവളാകും. കാത്തിരുന്ന ഫൈനൽ തൊട്ടരികെ. മനസ്സ് ഏകാഗ്രമാക്കാൻ എത്ര ശ്രമിച്ചിട്ടും അവൾ പതറിപ്പോയി. അവസാന ഷോട്ടിൽ വെറും 8 പോയിന്റ് മാത്രം. പന്ത്രണ്ടാം സ്ഥാനത്തേക്ക് താണ് ഫൈനൽ കാണാതെ പുറത്ത്. അവൾ പൊട്ടിക്കരഞ്ഞു. മറ്റുള്ളവർ ആശ്വസിപ്പിച്ചു. അവസാനം തകർന്ന മനസ്സോടെ തിരികെ നാട്ടിലേക്ക്. ചെറുപ്രായത്തിൽ തന്നെ റിട്ടയർ ചെയ്യാനും ഷൂട്ടിങ് ഉപേക്ഷിക്കാനും വരെ അവൾ ആലോചിച്ചു.

ആ ഷോക്കിൽ നിന്ന് മുക്തയായതോടെ കൂടുതൽ കഠിനമായി അവൾ പരിശീലനം തുടർന്നു. ദിവസം 12 മണിക്കൂർ വരെ ഷൂട്ടിങ് മാത്രം. കിടക്കാൻ മാത്രമാണ് വീട്ടിൽ വരുന്നതെന്ന അവസ്ഥ. ഷൂട്ടിങ് റേഞ്ച് തന്റെ മകളുടെ വീടായെന്ന് അവളുടെ അമ്മ പറയാൻ തുടങ്ങി.

മൂന്നു വർഷങ്ങൾക്കിപ്പുറം അവളെത്തിയത് മറ്റൊരു ഒളിമ്പിക് വേദിയിൽ. ഇക്കുറി പാരീസ്.

മുൻപത്തെ പരാജയ കാരണം അവൾ മനസ്സിലാക്കിയിരുന്നു. മനസ്സിനെ ഏകാഗ്രമാക്കാനും സമ്മർദ്ദത്തിന് അടിപ്പെടാതെയിരിക്കാനും അവളെ സഹായിച്ചത് ഭഗവദ് ഗീത. ഫലത്തെ കുറിച്ച് ചിന്തിക്കാതെ തന്റെ ഗെയിം എന്താണോ അത് പുറത്തെടുക്കാൻ ഗീത അവളെ പഠിപ്പിച്ചു.

പുതിയ ഉണർവിൽ അവൾ നേടിയത് യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനം. ഫൈനലിലും അതേ സ്ഥാനം ആവർത്തിച്ചപ്പോൾ കയ്യിൽ വന്നത് കണ്ണീരുപ്പിന്റെ രുചിയുള്ള ഒരു വെങ്കലമെഡൽ. മൂന്നു വർഷം മുൻപ് തലകുനിച്ച് നിരാശയോടെ മടങ്ങേണ്ടി വന്നവൾ ഇന്ന് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് ഷൂട്ടിങ് മെഡൽ നേടുന്ന ഭാരതീയ വനിത.

നിശ്ചയദാർഢ്യത്തിന്റെ പുത്തൻ പേര് — മനു ഭാകർ!

Amalraj Vijay 

Share News